കളമശേരി സ്ഫോടനം: നിർണായക തീരുമാനമെടുത്ത് യഹോവയുടെ സാക്ഷികൾ; പ്രാര്‍ഥനാ സംഗമങ്ങള്‍ നിര്‍ത്തി

news image
Nov 1, 2023, 6:41 am GMT+0000 payyolionline.in

കൊച്ചി: കളമശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ യഹോവയുടെ സാക്ഷികൾ പ്രാർത്ഥനാ സംഗമങ്ങൾ താത്കാലികമായി നിർത്തി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ് വിശ്വാസി കൂട്ടായ്മ നൽകിയ അറിയിപ്പ്. പ്രാര്‍ത്ഥനാ കൂട്ടായ്മകൾ ഓണ്‍ലൈനില്‍ നടത്താന്‍ ‘യഹോവയുടെ സാക്ഷികൾ ഇന്ത്യ’ ഘടകത്തിലെ വിശ്വാസികള്‍ക്ക്‌ നിർദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാർത്ഥനാ സംഗമങ്ങൾ ഓൺലൈനായി നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും സംഘടനയുടെ ദേശീയ വക്താവ് ജോഷ്‌വാ ഡേവിഡ് വ്യക്തമാക്കി.

വെള്ളിയാഴ്ച തുടങ്ങിയ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍റെ  അവസാനദിവസമായ ഞായറാഴ്ച പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങിയപ്പോഴാണ് സ്ഫോടനം നടന്നത്. 9.20 ഓടെ ആളുകൾ  സഞ്ചരിച്ചു. പത്തു മിനിറ്റിനകം 9.30-ഓടെ ആദ്യ സ്ഫോടനമുണ്ടായി. ഹാളിന്‍റെ നടുവിലാണ് സ്ഫോടനം നടന്നത്. ആ സമയത്ത് 2500 ലധികം വിശ്വാസികൾ ഹാളിലുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ട് സ്ഫോടനങ്ങള്‍ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടര്‍ന്നു. പൊള്ളലേറ്റാണ് എല്ലാവര്‍ക്കും പരിക്കേറ്റത്. ഹാളിലെ കസേരകള്‍ക്കടക്കം തീ പിടിച്ചു. പരിഭ്രാന്തരായി ആളുകള്‍ പുറത്തേക്ക് ഓടി. നിരവധി പേര്‍ക്ക് വീണു പരിക്കേറ്റു.

ഫയര്‍ഫോഴ്സും പോലീസും അതിവേഗം സ്ഥലത്തെത്തി തീ അണച്ചു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കണ്‍വെന്‍ഷന്‍ സെന്‍റര്‍ സീല്‍ ചെയ്ത്  ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആസൂത്രിതമായ സ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്. ഐഇഡി സ്ഫോടനമാണ് നടന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. എൻ ഐ എ സംഘവും ഉടൻ കളമശ്ശേരിയിലെത്തി. ഹാളിൽ  നിന്ന് സ്ഫോടനം സംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നതിനിടെ ആണ് തമ്മനം സ്വദേശി മാർട്ടിൽ പോലീസ് സ്റ്റേഷനിൽ ഹാജരായി സ്ഫോടനം നടത്തിയത് താനാണെന്ന്  വെളിപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe