കലിഫോർണിയയിലെ ദമ്പതികളുടെ മരണം: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് പൊലീസ്

news image
Feb 15, 2024, 6:33 am GMT+0000 payyolionline.in

കൊല്ലം: യുഎസിലെ കലിഫോർണിയയിലെ സാൻ മറ്റെയോയിൽ കൊല്ലം സ്വദേശികളിൽ 3 പേർ കൊല്ലപ്പെട്ടതാണെന്നും ഒരാൾ ജീവനൊടുക്കിയതാണെന്നും യുഎസ് പൊലീസ് സ്ഥിരീകരിച്ചു. പട്ടത്താനം വികാസ് നഗർ സ്നേഹയിൽ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്കയെ (40) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു പൊലീസ് പറയുന്നത്. 4 വയസ്സുള്ള ഇരട്ടക്കുട്ടികളായ നോഹയും നെയ്ഥനും കൊല്ലപ്പെട്ടത് എങ്ങനെയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വിഷമോ, കൂടിയ അളവിൽ മരുന്നുകളോ നൽകിയാകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണു നിഗമനം. കുട്ടികളുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകളില്ലെന്നും പൊലീസ് പറഞ്ഞു.

 

ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹം കുളിമുറിയിൽ നിന്നാണു കണ്ടെത്തിയത്. വെടിവച്ചതെന്നു കരുതുന്ന നിറതോക്കും അവിടെ നിന്നു ലഭിച്ചു. മക്കളുടെ മൃതദേഹങ്ങൾ കിടപ്പുമുറിയിലായിരുന്നു. വിവരം അറിഞ്ഞ് ആനന്ദിന്റെ ദുബായിലുള്ള സഹോദരൻ അജിത് അമേരിക്കയിൽ എത്തിയിട്ടുള്ളതായും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. എന്തിനാണ് കൃത്യം നടത്തിയതെന്നു വെളിപ്പെടുത്തുന്ന ആത്മഹത്യാകുറിപ്പുകളോ, മറ്റു രേഖകളോ പൊലീസ് കണ്ടെത്തിയിട്ടില്ല. ആനന്ദിന്റെ വീട്ടിൽ നിന്നു വെടിയൊച്ച കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞെന്നാണു പൊലീസ് പറയുന്നത്. പുറത്തു നിന്നെത്തി കൊലപാതകം നടത്തിയതിനുള്ള സാധ്യതയില്ലെന്നും പൊലീസ് പറയുന്നു.

 

കുടുംബത്തിലെ 4 പേരെയും മരിച്ച നിലയിൽ അമേരിക്കൻ സമയം തിങ്കളാഴ്ച രാവിലെ 9.15നാണ് കണ്ടെത്തിയത്. ചൂട് നിയന്ത്രിക്കാനുള്ള സംവിധാനത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണു മരണമെന്നായിരുന്നു തുടക്കത്തിൽ സംശയിച്ചിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നാണ് പൊലീസ് സംഘം പറയുന്നത്. 0.9 എംഎം റൈഫിളാണ് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. തോക്ക് സ്വയരക്ഷയ്ക്കു വേണ്ടി നേരത്തേ വാങ്ങിവച്ചതാകാമെന്നാണ് അവർ പറയുന്നത്. അമേരിക്കയിലായിരുന്ന ആലീസ് പ്രിയങ്കയുടെ അമ്മ ജൂലിയറ്റ് ഈ മാസം 11നാണ് നാട്ടിലേക്കു തിരിച്ചത്. അവർ കൊല്ലം കിളികൊല്ലൂരിലെ വീട്ടിലെത്തി തിരികെ വിളിച്ചപ്പോൾ മറുപടിയില്ലാത്തതു കൊണ്ട് ബന്ധു മുഖേന അന്വേഷിച്ചിരുന്നു. ബന്ധു, സുഹൃത്തിനെ ആനന്ദിന്റെ വീട്ടിലേക്കു വിട്ടു. കോളിങ് ബെല്ലടിച്ചിട്ടു വീട്ടുകാർ പുറത്തിറങ്ങിയില്ലെന്നു സുഹൃത്ത് പറഞ്ഞു. ഇതിനെത്തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe