കര്‍ഷക സമരം: അതിർത്തിയിൽ പൊലീസ് നടപടിയിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു

news image
Feb 23, 2024, 12:08 pm GMT+0000 payyolionline.in

ദില്ലി: പഞ്ചാബ് അതിർത്തിയിൽ ഹരിയാന പോലീസിൻ്റെ നടപടിയിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു. ബട്ടിൻഡ സ്വദേശി ദർശൻ സിംഗ് ആണ് മരിച്ചത്. ഖനൗരി അതിർത്തിയിലെ പോലീസിൻ്റെയും കെന്ദ്രൻസേനയുടെയും നടപടിയിൽ ദർശൻ സിംഗ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നും, ഇന്നലെ അർദ്ധ രാത്രി മരിച്ചുവെന്നും  കർഷക നേതാക്കൾ പറഞ്ഞു.  ഇതോടെ ചലോ ദില്ലി മാർച്ചിൽ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കർഷക സംഘടനകൾ അറിയിച്ചു. യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാതെ പോസ്റ്റ് മോർട്ടം നടത്താൻ അനുവദിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു. തുടർ സമരം എങ്ങനെയെന്ന് രാത്രി കർഷക നേതാക്കൾ പ്രഖ്യാപിക്കും.

 

പഞ്ചാബിൽ കർഷക സമരം നാൾക്കുനാൾ ശക്തമാവുകയാണ്. ഖനൗരി അതിർത്തിയിൽ മൂന്നും ശംഭു അതിർത്തിയിൽ രണ്ടും വീതം കർഷകരാണ് ഇതുവരെ മരിച്ചത്. സമരക്കാരെ തടഞ്ഞ 3 ഹരിയാന പോലീസ് ഉദ്യോഗസ്ഥർ മരിച്ചെന്നും നിരവധി പേർക്ക് പരിക്കേറ്റു എന്നും ഹരിയാന പോലീസ് അറിയിച്ചു.

 

ബുധനാഴ്ച ഖനൗരിയിൽ പോലീസ് വെടിവയ്പ്പിൽ മരിച്ച യുവ കർഷകൻ ശുഭകരൻ സിംഗിൻ്റെ മൃതദേഹം നിലവിൽ പട്യാല ആശുപത്രിയിൽ ആണുള്ളത്. ഇന്ന് ആശുപത്രിയിൽ എത്തിയ കർഷക നേതാക്കൾ ആണ് ഹരിയാന പോലീസിന് എതിരെ കേസെടുക്കാതെ പോസ്റ്റ്മോർട്ടം നടത്താൻ അനുവദിക്കില്ല എന്നു പറഞ്ഞത്. ശുഭ കരൻ സിംഗിൻ്റെ കുടുംബത്തിന് 1 കോടി രൂപയും സഹോദരിക്ക് ജോലിയും നൽകും എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മാൻ അറിയിച്ചു. സമരം ചെയ്യുന്ന കർഷക നേതാക്കൾക്ക് എതിരെ ദേശ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാനുള്ള തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാന പോലീസ് പിൻവലിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe