തൃശൂര്‍: കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളില്‍ വയര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രിയും ഇരിങ്ങാലക്കുട എം.എല്‍.എയുമായ ഡോ. ആര്‍ ബിന്ദു. കരുവന്നൂര്‍ പാലത്തിനെ ഒരു ആത്മഹത്യാ മുനമ്പാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അരികുവശങ്ങളില്‍ വയര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ആത്മഹത്യകള്‍ കൂടി വരുന്നതില്‍ പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
ഇന്നും കരുവന്നൂര്‍ പുഴയിലേക്ക് ചാടി മധ്യവയസ്‌ക ആത്മഹത്യ ചെയ്തിരുന്നു. അവിട്ടത്തൂര്‍ സ്വദേശിയായ കൂടലി വീട്ടില്‍ ഷീബ ജോയ് (50) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരിക്ക് മുകളില്‍ നിന്നാണ് ഷീബ പുഴയിലേക്ക് ചാടിയത്. ചെരുപ്പും ബാഗും മൊബൈല്‍ ഫോണും പാലത്തില്‍ വച്ച ശേഷമാണ് ഷീബ പുഴയിലേക്ക് ചാടിയത്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സും സ്‌കൂബാ ടീമും ഏറെ നേരം തെരച്ചില്‍ നടത്തി 3.30ഓടെ മൃതദേഹം ലഭിച്ചത്.
ആഴ്ചകള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് മറ്റൊരു സ്ത്രീ സമാന രീതിയില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പിറ്റേ ദിവസം അഴുകിയ നിലയില്‍ ഒരു യുവാവിന്റെ മൃതദേഹവും പുഴയില്‍ നിന്ന് ലഭിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു യുവാവും വിദ്യാര്‍ഥിയും സമാന രീതിയില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. കരുവന്നൂര്‍ പാലത്തിന് മുകളില്‍ നിന്നുള്ള ആത്മഹത്യകള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ പാലത്തിന് മുകളില്‍ ഇരുമ്പ് നെറ്റ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് കാറ്റ് നിറച്ച ട്യൂബുകള്‍ പാലത്തിന് സമീപം സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.