കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികർ; ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ

news image
Oct 11, 2023, 9:39 am GMT+0000 payyolionline.in

ടെൽഅവീവ് : ഇസ്രയേൽ-ഹമാസ് സംഘ‍ര്‍ഷം അഞ്ചാം ദിവസം കരയുദ്ധത്തിലേക്ക്. ഏത് നിമിഷവും അതി‍ർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം.

 

തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേൽ. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട്  പ്രഖ്യാപിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കാൻ മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. ”ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പ്രഖ്യാപിച്ചത്. ഇസ്രയേൽ കടുപ്പിക്കുന്ന സാഹചര്യത്തിൽ ഗാസയിലെ കൂട്ടമരണം ഒഴിവാക്കാൻ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന ചർച്ച തുടങ്ങിയതായി അമേരിക്ക വ്യക്തമാക്കി. സിറിയയിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി.

ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ 123 സൈനികർ അടക്കം 1200 പേരും ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. 200 കേന്ദ്രങ്ങളിലാണ് ഇന്നലെ രാത്രി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ഹമാസിന്റെ സുപ്രധാന ഭരണ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം. ഗാസയിൽ അഭ്യർത്ഥികളായവരുടെ എണ്ണം മൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. ആയിരം പാർപ്പിട സമുച്ഛയങ്ങൾ തകർന്നു. നിരപരാധികൾ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സുരക്ഷിത ഇടനാഴി ഒരുക്കാൻ കഴിയുമോ എന്നതിൽ ഈജിപ്തുമായും ഇസ്രായേലുമായും ചർച്ച നടക്കുന്നുവെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞു. ഏറ്റവുമധികം ആക്രമണങ്ങൾ നടത്താൻ ഇസ്രയേൽ ഉദ്ദേശിക്കുമെന്ന മേഖലയിൽനിന്ന് ജനങ്ങളെ ഈജിപ്തിലേക്ക് ഒഴിപ്പിക്കാനാണ് ആലോചനയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലട്ട് പറഞ്ഞത്. ഗോലാൻ കുന്നുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്കുനേരെ സിറിയയിൽ നിന്ന് ആക്രമണം ഉണ്ടായി. പ്രത്യാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്‌ബുല്ല സായുധ സംഘത്തിന് ലെബനോൻപോലെ തന്നെ ശക്തിയുള്ള സ്ഥലമാണ് സിറിയയും. ഹമാസ് ഇസ്രയേൽ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് സിറിയയിൽ നിന്ന് ആക്രമണം ഉണ്ടാകുന്നത്. ലെബനോനിൽ നിന്ന് വീണ്ടും റോക്കറ്റ് ആക്രമണം ഉണ്ടായി. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചു  വെസ്റ്ബാങ്കിൽ ആയിരങ്ങൾ പ്രകടനം നടത്തി. ഹമാസ് നുഴഞ്ഞു കയറിയ അതിർത്തിയുടെ പൂർണ്ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ഹമാസിന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കടൽ മാർഗം ഇസ്രായേലിലേക്ക് കയറാൻ  ശ്രമിച്ച ഒരാളെ നാവികസേനാ വധിച്ചു. ഒറ്റപ്പെട്ടത് എങ്കിലും ഇസ്രയേൽ നഗരങ്ങളിൽക്ക് റോക്കറ്റ് ആക്രമണവും തുടരുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe