പത്തനംതിട്ടയിൽ കത്തിയത് 8 വർഷം പഴക്കമുള്ള കെഎസ്ആർടിസി; നഷ്ടം 14 ലക്ഷം

news image
Nov 19, 2024, 12:26 pm GMT+0000 payyolionline.in

പത്തനംതിട്ട : ശബരിമല തീർഥാടകർക്കായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസിന് ഉപയോഗിച്ച കെഎസ്ആർടിസി ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമെന്ന് റിപ്പോർട്ട്. ബസ് പൂർണമായി കത്തിയതിനാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിദഗ്ധ അന്വേഷണം ആവശ്യമാണെന്നും എംവിഡിയുടെ റിപ്പോർട്ടിലുണ്ട്. തുടർന്ന് ഇക്കാര്യം അന്വേഷിക്കുന്ന മാവേലിക്കര റീജിയണൽ വർക്‍ഷോപ്പിലെ മാനേജറോട് റിപ്പോര്‍ട്ട് സമർപ്പിക്കാൻ ഹൈക്കോടതി ദേവസ്വം ബെ‍ഞ്ച് നിർദേശിച്ചു.

ഈ മാസം 17നാണ് നിലയ്ക്കൽ–പമ്പ സർവീസ് നടത്തുന്ന 8 വർഷം പഴക്കമുള്ള ബസ് കത്തി നശിച്ചത്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല. രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്. തീർത്ഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് രാവിലെ പോകുകയായിരുന്നു ബസ്. അട്ടത്തോട് ഭാ​ഗത്ത് വന്നപ്പോഴാണ് ബസിന്റെ മുൻഭാ​ഗത്ത് നിന്ന് തീ  ഉയരുന്നതായി കണ്ടത്. അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈൽ റേഞ്ചിന് പ്രശ്നമുണ്ടായിരുന്നതിനാൽ ഫയർ ഫോഴ്സിനെ വിളിക്കാൻ ബുദ്ധിമുട്ട് നേരിട്ടതായി ജീവനക്കാർ വ്യക്തമാക്കി. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe