തിരുവനന്തപുരം : കണ്ണൂരിൻ്റെ വ്യവസായക്കുതിപ്പ് ലക്ഷ്യമിട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടടുത്തുള്ള 500 ഏക്കർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്കെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിന്‍ഫ്ര വഴി കീഴല്ലൂര്‍-പട്ടാന്നൂര്‍ വില്ലേജുകളിലുള്ള 500 ഏക്കർ ഭൂമിയാണ് വ്യവസായ ആവശ്യത്തിനായി ഏറ്റെടുക്കുന്നത്.
ഭൂമിവിലയായി ആകെ നിശ്ചയിച്ചിട്ടുള്ള 723 കോടി രൂപ അനുവദിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതോടെ കാര്യങ്ങൾ ധ്രുതഗതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. ഏറ്റെടുപ്പ് നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചതിനാൽ ഇനി നഷ്ടപരിഹാര തുക നൽകി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. സ്ഥലം എം.എൽ.എ കൂടിയായ കെ.കെ ശൈലജ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട നിവേദനം നൽകിയിരുന്നു.
കണ്ണൂരിൽ വിവിധയിടങ്ങളിൽ ഇത്തരത്തിൽ വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ നടന്നുവരികയാണ്. വളരെപ്പെട്ടെന്നുതന്നെ വ്യവസായമേഖലയിലും കുതിച്ചുചാട്ടം സൃഷ്ടിക്കാൻ കണ്ണൂരിന് സാധിക്കും വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. മട്ടന്നൂരിൽ തന്നെ കിൻഫ്ര നിർമ്മിക്കുന്ന സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണവും നടന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ പുതുതായി നിർമാണത്തിലിരിക്കുന്ന എട്ട് സ്വകാര്യ വ്യവസായ പാർക്കുകളിൽ ഒന്ന് കണ്ണൂരിലാണ്. പത്ത് ഏക്കറിലധികം ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന ഈ വ്യവസായ പാർക്കിൻ്റെ ഉദ്ഘാടനം 2023ൽ തന്നെ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.