കണ്ണൂര്‍ കേളകത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്ത് മാവോയിസ്റ്റുകള്‍, വാച്ചര്‍മാര്‍ ഓടിരക്ഷപ്പെട്ടു

news image
Oct 30, 2023, 10:02 am GMT+0000 payyolionline.in

കണ്ണൂര്‍: കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെയാണ് ഇവര്‍ ആയുധധാരികളായ മാവോയിസ്റ്റുകളുടെ മുന്നില്‍പെട്ടത്. മൂന്നു വാച്ചര്‍മാരെ കണ്ടതോടെ മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് പലതവണയായി വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മൂന്നു വാച്ചര്‍മാരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അ‍ഞ്ചംഗ സായുധസംഘമാണ് വനത്തിലുണ്ടായിരുന്നതെന്നാണ് വാച്ചര്‍മാര്‍ പറയുന്നത്.

പതിവായി മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ് രാമച്ചി. സംഭവത്തെതുടര്‍ന്ന് ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉന്നത വനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും പ്രദേശത്ത് അഞ്ചംഗ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. രാമച്ചിയിലെ വീട്ടിലെത്തിയ മാവോയിസ്റ്റുകള്‍ മണിക്കൂറുകള്‍ തങ്ങിയശേഷം രാത്രി വൈകിയാണ് തിരിച്ചുപോയത്. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങിയശേഷമാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത്. ഈ സംഭവത്തെതുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന ഊര്‍ജിതമാക്കിയതിനിടെയാണ് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് വയനാട്ടിലെ തലപ്പുഴയിലും ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയിരുന്നു. കമ്പമലയിൽ നിന്നും രണ്ടു കിലോമീറ്റർ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയത്. നാട്ടുകാരനായ വെളിയത്ത് വി.യു ജോണിയുടെ വീട്ടിൽ രാത്രിയോടെയാണ് ആയുധധാരികളാണ് അഞ്ചുപേരെത്തിയത്.ഈ സംഭവത്തിന് മുമ്പായി കമ്പമലയിലെകെഎഫ്ഡിസി ഓഫീസ് അടിച്ചു തകർത്ത മൊയ്ദീൻ അടക്കമുള്ള സംഘമാണ് ജോണിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe