കണ്ണൂരിലെ വീട്ടിൽ നിന്നും 27 പവൻ സ്വർണം കവർന്നു;

news image
Dec 20, 2025, 8:09 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ഉളിക്കല്‍ നുച്യാട്ടിലെ പ്രവാസിയുടെ വീട്ടില്‍ നിന്നും 27 പവൻ സ്വർണം മോഷ്ടിച്ചു. പ്രവാസിയായ ഭർത്താവിനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലേക്ക് പോയ സമയത്തു ആണ് വീട്ടില്‍ വൻ കവർച്ച നടന്നത്. വീടിന്റെ സാഹചര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ആരോ ആണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. രാവിലെ ആറ് മണിക്ക് വീട്ടമ്മ ഭർത്താവിനെ സ്വീകരിക്കാൻ മകള്‍ക്കും ബന്ധുവിനുമൊപ്പം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയി. ഈ സമയം ഭിന്നശേഷിക്കാരനായ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഏഴ് മണിയോടെ പിതാവ് ചായ കുടിക്കാൻ പുറത്തേക്ക് പോയിരുന്നു. ഈ സമയം വാതിൽ ലോക്ക് ചെയ്തിരുന്നില്ല. ചാരിയിടുക മാത്രമാണ് ചെയ്തത്. ഈ ചെറിയ ഇടവേളയിലാണ് മോഷ്ടാവ് അകത്തുകയറിയത്.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണമാണ് മോഷണം പോയത്. വൈകിട്ട് ഭർത്താവുമായി കുടുംബം തിരിച്ചെത്തിയപ്പോഴാണ് അലമാര തുറന്നുകിടക്കുന്നതും വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടത്. പരിശോധനയില്‍ സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഉളിക്കല്‍ പൊലിസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe