കണ്ണൂർ: മാലൂർ, കതിരൂർ, പരിയാരം പഞ്ചായത്തുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു നേരെ സി.പി.എം പ്രവർത്തകരുടെ അതിക്രമം. മാലൂർ 11ാം വാർഡ് കുണ്ടേരി പൊയിൽ എൽ.പി സ്കൂളിലെ ബൂത്തിലാണ് സി.പി.എം പ്രവർത്തകർ അതിക്രമം നടത്തിയത്. തുടർന്ന് ബൂത്തിലിരുന്ന യു.ഡി.എഫിന്റെ വനിത സ്ഥാനാർഥി അമല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്ക് പരിക്കേറ്റു.
കതിരൂരിൽ പാനൂർ ബ്ലോക്ക് യു.ഡി.എഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ. ലതികയാണ് അക്രമത്തിനിരയായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽ.പി സ്കൂളിലെ ബൂത്തിൽ വെച്ചാണ് അതിക്രമം നടന്നത്. ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി.പി.എം പ്രവർത്തകർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റ് പിടിച്ചു വാങ്ങുകയായിരുന്നു. അവരെ തള്ളിയിടാൻ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപണമുണ്ട്. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ പരിയാരം പഞ്ചായത്തിലും സി.പി.എം അക്രമമുണ്ടായി. യു.ഡി.എഫ് പതിനാറാംവാർഡ് സ്ഥാനാർഥി പി.വി. സജീവനെയാണ് മർദിച്ചു. പരിയാരം ഹൈസ്കൂളിലെ രണ്ടാം ബൂത്തിൽ വെച്ചാണ് മർദിച്ചത്.
