കട്ടൻചായയും പരിപ്പുവടയും പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചെന്ന് ഡി.സി. ബുക്സ്

news image
Nov 13, 2024, 4:38 am GMT+0000 payyolionline.in

കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചതായി ഡി.സി. ബുക്സ്.

നിർമിതിയിലുള്ള സാ​ങ്കേതികപ്രശ്നങ്ങൾ കാരണം പുസ്തക പ്രകാശനം കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ് എന്നാണ് ഡി.സി. ബുക്സ് അറിയിച്ചത്. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി. ​ബുക്സ് ഫേസ്ബുക്കിൽ കുറിച്ചു. പുസ്തകം വിറ്റഴിക്കണമെന്ന് സ്റ്റോറുകൾക്ക് നൽകിയ നിർദേശവും ഡി.സി. ബുക്സ് പിൻവലിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇ.പി. ജയരാജന്റെ ആത്കഥയിലേതെന്ന പേരിൽ പുറത്തുവന്ന പുസ്തകത്തിലെ ചില വിവരങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് ഡി.സി.ബുക്സിന്റെ നീക്കം. സി.പി.എമ്മിനെതിരെ തുറന്നടിക്കുന്ന ഇ.പിയുടെ പരാമർശങ്ങളാണ് പുസ്തകത്തിലുണ്ടായിരുന്നത്.

എഴുതാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നാണ് ഇ.പിയുടെ പ്രതികരണം. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും അനുമതി കൊടുത്തി​ട്ടില്ലെന്നും കവർ ചിത്രം പോലും ​തയാറാക്കിയിട്ടില്ലെന്നുമാണ് ഇ.പി പറയുന്നത്.

 

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പി. ജയരാജൻ എഴുതിയ ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തുവന്നത്.

രണ്ടാം പിണറായി സർക്കാർ വളരെ ദുർബലമാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇ.പി. ജയരാജന്റെ കവർ ചിത്രമുള്ള പുസ്തകമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥയെഴുതാൻ തീരുമാനിച്ചതായി ഇ.പി. നേരത്തേ പറഞ്ഞിരുന്നു.

പ്രകാശ് ജാവ്ദേകറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയിൽ സൂചിപ്പിക്കുന്നുണ്ട്. താൻ മാത്രമല്ല, പ്രകാശ് ജാവദേകറുമായി കൂടിക്കാഴ്ച നടത്തിയത്. യു.ഡി.എഫിലെ പല മുതിർന്ന നേതാക്കളും ജാവദേകറെ കണ്ടിട്ടുണ്ട്. തന്റെ നിലപാട് കേന്ദ്രകമ്മിറ്റിയിൽ വിശദീകരിച്ചിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു അത്. ഒന്നരവർഷത്തിന് ശേഷമാണ് കൂടിക്കാഴ്ച വിവാദമാക്കിയത്. പൊതുസ്‍ഥലത്ത് വെച്ച് ഒറ്റത്തവണ മാത്രമാണ് ശോഭ സുരേന്ദ്രനെ കണ്ടതെന്നും പുസ്തകത്തിൽ പറയുന്നു.

പാലക്കാട് ഇടതു സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിൻ അവസരവാദിയാണെന്നാണ് പുസ്തകത്തിൽ പേരെടുത്ത് വിമർശിക്കുന്നത്. സ്വതന്ത്രർ വയ്യാവേലിയാകുമെന്ന് ഓർക്കണമെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളിയെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. ദേശാഭിമാനിക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയുമായി ആലോചിച്ചാണെന്നും എന്നാൽ വി.എസ് അച്യുതാനന്ദൻ അത് തനിക്കെതിരെ ആയുധമാക്കിയെന്നും സൂചിപ്പിക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe