ഫറോക്ക്: കടലിൽ കൃത്രിമ പാര് വിതറി നിയമവിരുദ്ധമായി മീൻപിടിത്തത്തിന് ശ്രമിച്ച അഞ്ച് വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ബേപ്പൂർ സ്വദേശികളായ കെ.പി. ഫൈസൽ, സി.പി. ശിഹാബ്, സക്കീർ ഹുസൈൻ, തമിഴ്നാട് കന്യാകുമാരി സ്വദേശി ക്രിസ്റ്റൽ ജോബർട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള യാനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ബേപ്പൂർ തുറമുഖ പരിസരത്തും കരുവൻതിരുത്തി തീരമേഖലയിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളങ്ങൾ കുടുങ്ങിയത്. പ്ലാസ്റ്റിക് കുപ്പികൾ നൈലോൺ കയറിൽ കെട്ടിയും തെങ്ങിൻ കുലച്ചിലുകൾ മണൽ നിറച്ച ചാക്കുകളിൽ ബന്ധിപ്പിച്ചുമാണ് കടലിന്റെ അടിത്തട്ടിൽ കൃത്രിമ പാരുകൾ നിർമ്മിക്കുന്നത്. ഇത്തരത്തിൽ കൃത്രിമ ആവാസവ്യവസ്ഥ ഒരുക്കി കയറ്റുമതി സാധ്യതയുള്ള വലിയ കണവ ഉൾപ്പെടെയുള്ള മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുകയായിരുന്നു ഇവരുടെ ലക്ഷ്യം.
മത്സ്യസമ്പത്തിന് വലിയ ഭീഷണിയുയർത്തുന്ന രീതിയാണിതെന്ന് അധികൃതർ വ്യക്തമാക്കി. ചെറുമത്സ്യങ്ങളുടെ നാശത്തിനും മത്സ്യ പ്രജനന പ്രക്രിയ തടസ്സപ്പെടുന്നതിനും ഈ കൃത്രിമ പാരുകൾ കാരണമാകുന്നുണ്ട്. പിടികൂടിയ യാനങ്ങൾക്കെതിരെ ഫിഷറീസ് നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.
