കക്കയം : കക്കയം പഞ്ചവടി, മുപ്പതാംമൈൽ മേഖലകളിൽ കുറ്റ്യാടിപ്പുഴയോരം വ്യാപകമായി ഇടിഞ്ഞുതാഴുന്നു. കഴിഞ്ഞവർഷം പുഴയൊഴുകിയ സ്ഥലത്തുനിന്ന് മീറ്ററുകൾ മാറിയാണ് നിലവിൽ പുഴയൊഴുകുന്നത്. ദിവസംതോറും പുഴയിടിഞ്ഞ് കരഭാഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. കുറച്ചുവർഷം മുൻപുവരെ പ്രദേശവാസികളെല്ലാവരുംതന്നെ അലക്കാനും, കുളിക്കാനുമെല്ലാം ആശ്രയിച്ചിരുന്ന പുഴ ഇപ്പോൾ മാറിയൊഴുകാൻ തുടങ്ങിയതോടെ അപകടസാധ്യത വർധിച്ചിരിക്കുകയാണ്. പുഴയെക്കുറിച്ചറിയാത്ത വിനോദസഞ്ചാരികൾ പുഴയോരത്തുകൂടി നടക്കുന്നതും ഫോട്ടോയെടുക്കാൻ പുഴയോരത്തോടു ചേർന്ന് നിൽക്കുന്നതും പതിവാണ്.
കക്കയത്തെ കെ.എസ്.ഇ.ബി. പവർഹൗസുകളിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെയും മലവെള്ളപ്പാച്ചിലിന്റെയും ശക്തമായ ഒഴുക്കിനെ തുടർന്നാണ് പുഴയോരം ഇടിയുന്നത്.
ജലസേചനവകുപ്പും, ബന്ധപ്പെട്ട അധികാരികളും ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമീപപ്രദേശത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്.
കളിസ്ഥലത്തിനും ഭീഷണി
കക്കയം പഞ്ചവടിയിൽ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന പൊതുകളിയിടവും ഭീഷണി നേരിടുകയാണ്. കുറച്ചു വർഷംമുൻപ് മൈതാനമിടിയുന്ന സാഹചര്യമുണ്ടായതോടെ നാട്ടുകാർ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പുഴയിലെ കല്ലുകൾകൊണ്ട് സംരക്ഷണം തീർത്തിരുന്നെങ്കിലും വീണ്ടും പഴയസ്ഥിതിയിലേക്ക് മാറുകയാണ്.
പാലങ്ങളുടെ സംരക്ഷണഭിത്തിയും തകർന്നു
കക്കയം അങ്ങാടിപ്പാലത്തിന്റെ അടിഭാഗവും സംരക്ഷണഭിത്തിയും തകർന്നതിനാൽ യാത്ര അപകടത്തിലാണ്. കക്കയത്തെ പഞ്ചവടിപ്പുഴയ്ക്ക് കുറുകേയുള്ള പാലവും അപകടഭീഷണിയിലാണ്. പാലത്തിന്റെ സംരക്ഷണഭിത്തി തകരുകയും പാലത്തിന്റെ അടിത്തറയുടെ കരിങ്കൽക്കെട്ടിന്റെ കല്ലുകൾ അടരുകയും ചെയ്തിട്ടുണ്ട്.
