കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ഉത്തരവ്

news image
Mar 5, 2024, 4:49 pm GMT+0000 payyolionline.in

കോഴിക്കോട്: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ കണ്ടെത്തി മയക്ക് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ വനത്തിൽ പ്രവേശിക്കരുതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ ഏതെങ്കിലും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കണ്ടാൽ ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. വനം വകുപ്പ് മന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയ പ്രകാരമാണ് നടപടികള്‍ പൂര്‍ത്തിയാക്കി ഉത്തരവിട്ടത്. ടോൾ ഫ്രീ നമ്പർ: 18004254733.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകനാണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമിനെ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe