തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസ് ഗ്രൗണ്ടിൽ കഴിഞ്ഞദിവസം ഡി.ജെ പാർട്ടിയും പരസ്യ മദ്യപാനവും നടന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കെയാണ് പൊതു ആതുരാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ലക്ഷങ്ങൾ ചെലവിട്ട് ഡി.ജെ പാർട്ടി സംഘടിപ്പിച്ചത്.
വൈദ്യുത ദീപാലങ്കാരം, ഗാനമേള തുടങ്ങിയവ ഉൾപ്പെടെ 40 ലക്ഷത്തോളം രൂപ ഇതിനുവേണ്ടി ചെലവഴിച്ചെന്നും ഇക്കാര്യം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ മുഖ്യമന്ത്രിക്കും ഡി.എം.ഇക്കും നിവേദനം നൽകി. സംഭവം നടക്കുന്ന സമയം ശ്രീകുമാർ പൊലീസ്, എക്സൈസ്, മെഡിക്കല്‍ കോളജ് അധികൃതരെ ഫോണ്‍ വഴി കാര്യങ്ങള്‍ ധരിപ്പിച്ചു.
പരിപാടി കഴിഞ്ഞപ്പോൾ കോളജ് ഗ്രൗണ്ട് മദ്യക്കുപ്പികളും സിഗരറ്റും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വിദ്യാർഥികളുടെ ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ടാണോ പരിപാടി സംഘടിപ്പിച്ചതെന്നും ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.