സിഡ്നി ∙ ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) സ്കോർ സാധുവല്ല. ഈ മാസം 26ന് ഇതു പ്രാബല്യത്തിൽ വന്നതായും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ടോഫൽ സ്കോർ പരിഗണിക്കില്ലെന്നും ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു. ഓസ്ട്രേലിയയിൽ വീസ ആവശ്യങ്ങൾക്കായി ടോഫൽ ഐബിടി ഇനി ഇംഗ്ലിഷ് ഭാഷ ടെസ്റ്റുകൾ നടത്തില്ല.
ഇനിയിപ്പോൾ വീസ ആവശ്യങ്ങൾക്ക് ഇന്റർനാഷനൽ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (ഐഇഎൽടിഎസ്), പിയേഴ്സൻ ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് (പിടിഇ), കേംബ്രിജ് ഇംഗ്ലിഷ് (സിഎഇ – സി1 അഡ്വാൻസ്ഡ്), ഒക്കുപ്പേഷനൽ ഇംഗ്ലിഷ് ടെസ്റ്റ് (ഒഇടി – ആരോഗ്യപ്രവർത്തകർക്ക്) എന്നിവയുടെ സ്കോർ മാത്രമേ പരിഗണിക്കൂ.
പുറമേ ഐഇഎൽടിഎസ് ഒഎസ്ആർ (വൺ സ്കിൽ റീടേക്ക് – വായന, എഴുത്ത്, സംസാരം അല്ലെങ്കിൽ കേൾവി എന്നിവയിലൊന്ന്) ചില വീസ കാര്യങ്ങളിൽ പരിഗണിക്കും. വിവരങ്ങൾ : immi.homeaffairs.gov.au.