ചാരുംമൂട്: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തുടനീളം നാൽപ്പതിൽപരം ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കോയമ്പത്തൂർ, രത്തിനപുരി ഗാന്ധിജി റോഡിൽ ശ്രീറാം ശങ്കരി അപ്പാർട്ട്മെന്റിൽ ആഷ്ടൺ മൊണ്ടീറോ എന്ന് വിളിക്കുന്ന ആർ മധുസൂദനനെ (42) യാണ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഓസ്ട്രേലിയയിലെ സിമിക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിൽ സോഫ്റ്റ് സ്കിൽ ട്രെയിനർമാരെ ആവശ്യമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനെ തുടര്‍ന്ന് നിരവധി യുവാക്കളും യുവതികളും ജോലിക്കായി ബയോഡേറ്റ സമർപ്പിച്ചു. ഇയാളുടെ കൂട്ടാളികളായ ചിലരാണ് ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടിരുന്നത്. മധുസൂദനൻ കമ്പനി പ്രതിനിധിയാണെന്ന് പറഞ്ഞ് ഓൺലൈൻ വഴി ഇൻറർവ്യൂ നടത്തി. തിരുവനന്തപുരത്തും കൊച്ചിയിലും ഇന്റര്‍വ്യൂവിനായി ആഡംബര കാറുകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ എത്തിയ മധുസൂദനൻ ആഷ്ടൺ മൊണ്ടീറോ എന്ന ഓസ്ട്രേലിയൻ പൗരൻ എന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ പരിചയപ്പെട്ടത്.
ഇയാളുടെ വ്യക്തിപ്രഭാവത്തിലും ഇന്‍റർവ്യൂവിലും അത്ഭുതപ്പെട്ട 40 ഓളം യുവാക്കളും യുവതികളും ജോലി കിട്ടും എന്ന് ഉറപ്പിച്ച് വിസ പ്രോസസ്സിങ്ങിനായി ഇയാൾ ആവശ്യപ്പെട്ടതുപ്രകാരം 7 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. പണം കിട്ടിയ ശേഷം ഈ സംഘം അപ്രത്യക്ഷരാകുകയായിരുന്നു. ഉദ്യോഗാർത്ഥികളുടെ പരാതികളിൽ അങ്കമാലി, കാലടി, നെടുമ്പാശ്ശേരി, തൃശ്ശൂർ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു.
നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മധുസൂദനൻ രാജ്യം വിട്ടിട്ടില്ല എന്ന് മനസ്സിലായതിനെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചു. ബാംഗ്ലൂരിൽ ഉദയനഗർ എന്ന സ്ഥലത്ത് പേയിംഗ് ഗസ്റ്റായി ഇയാൾ താമസിച്ചുവരുന്നതായി വിവരം ലഭിക്കുകയും വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു. മലയാളിയായ ഇയാൾ തമിഴ്‌നാട്ടിലാണ് കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, കന്നട, ഫ്രഞ്ച്, ജർമ്മൻ, പഞ്ചാബി എന്നിവ ഉൾപ്പെടെ 15 ഭാഷകൾ വശമുള്ള ഇയാൾ കഴിഞ്ഞ രണ്ടുമാസമായി ബാംഗ്ലൂർ നഗരത്തിൽ ഒ ഇ ടി ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ട്യൂട്ടറായി ജോലി നോക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 2 ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.