വാഷിങ്ടൺ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയിൽ അന്തർസ്ഫോടനം മൂലം തകർന്ന ടൂറിസ്റ്റ് അന്തർവാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യൻഗേറ്റ് എല്ലാ പ്രവർത്തനങ്ങളും നിർത്തി. എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിപ്പിച്ചതായി കമ്പനി വെബ്‌സൈറ്റിലൂടെ അറിയിച്ചു.
വാഷിങ്ടൺ ആസ്ഥാനമായ കമ്പനിയുടെ ടൈറ്റൻ അന്തർവാഹിനി ജൂൺ 18നാണ് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ തകർന്നത്. സ്‌ഫോടനത്തിൽ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഉൾപ്പെടെ അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചിരുന്നു.
ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാർഡിങ്, ടൂറിസം പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഓഷ്യൻഗേറ്റ് ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൾ ഹെന്റി നർജിയോലെറ്റ് എന്നിവരായിരുന്നു അന്തർവാഹിനിയിലുണ്ടായിരുന്നത്.
ദുരന്തത്തിനുശേഷവും ടൈറ്റാനിക് കാണാനുള്ള യാത്രയുടെ പരസ്യം വെബ്സൈറ്റിൽനിന്നും ഓഷ്യൻ ഗേറ്റ് കമ്പനി നീക്കിയിട്ടില്ലെന്ന് വാർത്തകളുണ്ടായിരുന്നു. ടൈറ്റാനിക്കിലേക്ക് 2024 ജൂൺ 12 മുതൽ 20 വരെയും ജൂൺ 21 മുതൽ ജൂൺ 29 വരെയും 2,50,000 ഡോളറിന് രണ്ട് യാത്രകൾ ആസൂത്രണം ചെയ്യുന്നുവെന്നും യാത്രയിൽ ഡൈവ്, സ്വകാര്യ താമസം, ആവശ്യമായ പരിശീലനം, പര്യവേക്ഷണ ഉപകരണങ്ങൾ, അന്തർവാഹിനിക്ക് അകത്തെ ഭക്ഷണ ചെലവ് എന്നിവ ഉൾപ്പെടും എന്നുമായിരുന്നു പരസ്യം.