ന്യൂഡൽഹി: ഓരോ ഇന്ത്യക്കാരനും തുല്യരാണ്, ഓരോരുത്തർക്കും ഈ ഭൂമിയിൽ തുല്യ അവസരങ്ങളും അവകാശങ്ങളും കടമകളും ഉണ്ടെന്ന് സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിെൻറ സ്വീകാര്യത വർധിക്കുകയാണ്. ആഗോള തലത്തിൽ ഇന്ത്യ കുതിക്കുകയാണ്. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി.
1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നുവെന്ന് അവർ പറഞ്ഞു. സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓർക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. ഇന്ന്, എല്ലാ വികസനത്തിലും രാജ്യസേവനത്തിലും സ്ത്രീകൾ വിപുലമായ സംഭാവനകൾ നൽകുകയാണ്. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നിരവധി മേഖലകളിൽ ഇന്ന് സ്ത്രീകൾ പ്രത്യേക സ്ഥാനം നേടിയിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതിൽ സന്തോഷമുണ്ട്. സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അന്താരാഷ്ട്ര വേദികൾക്ക് നമ്മൾ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണെന്ന് രാഷ്ട്രപതി പറഞ്ഞു.