ന്യൂഡൽഹി: ഇസ്രയേലിൽനിന്ന് മടങ്ങാൻ താൽപ്പര്യമുള്ളവരെ നാട്ടിലെത്തിക്കുന്ന ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി രണ്ട് വിമാനത്തിലായി 36 മലയാളികൾകൂടി തിരിച്ചെത്തി. വിമാനമാർഗം ഡൽഹിയിലെത്തിയ ഇവരെ മറ്റ് വിമാനങ്ങളിൽ സംസ്ഥാന സർക്കാർ കേരളത്തിലെത്തിച്ചു. നാല് വിമാനത്തിലായി 76 മലയാളികളാണ് ഇതുവരെ മടങ്ങിയെത്തിയത്.
ഇന്ത്യക്കാരുമായുള്ള മൂന്നാംവിമാനം ഞായർ പുലർച്ചെ 1.15ന് ഡൽഹിയിലെത്തി. 18 മലയാളികളടക്കം 198 പേരാണ് ഇതിലുണ്ടായത്. കണ്ണൂർ പുതിയതെരുവിലെ ശിൽപ്പ മാധവൻ, കാവ്യ നമ്പ്യാർ, തിരൂരിലെ വിശാഖ് നായർ, കൊല്ലം ഉളിയകോവിൽ ലക്ഷ്മി രാജഗോപാൽ, കാസർകോട് തൃക്കരിപ്പൂരിലെ എം സൂരജ്, കണ്ണൂർ പുന്നാട്ടെ അമൽജിത്, തിരുവനന്തപുരം പുളിയറക്കോണത്തെ വി ബി ലിജു, അമ്പലപ്പുഴയിലെ ജയചന്ദ്ര മോഹൻ നാരായണൻ, ഭാര്യ അനിത കുമാരി, മകൻ വിഷ്ണുമോഹൻ, ഭാര്യ അജ്ഞന ഷേണായി, മകൾ രണ്ടു വയസ്സുകാരി ആര്യ മോഹൻ, പാലായിലെ ലിറ്റോ ജോസ്, ഭാര്യ രേഷ്മ ജോസ്, മലപ്പുറം തേഞ്ഞിപ്പലത്തെ അജിത് ജോർജ്, കൊല്ലം ഓയൂരിലെ ശരത്ചന്ദ്രൻ, ഭാര്യ നീന പ്രസാദ്, പാലക്കാട് ചന്ദ്രനഗറിലെ സിദ്ധാർഥ് രഘുനാഥൻ എന്നിവരാണ് മൂന്നാമത്തെ വിമാനത്തിലെത്തിയത്.
18 മലയാളികളടക്കം 197 ഇന്ത്യക്കാരുമായി ഇസ്രയേലിൽനിന്നുള്ള നാലാമത് വിമാനം ഞായർ രാവിലെ 7.50ന് എത്തി. കൊടുങ്ങല്ലൂരിലെ ശൈലേന്ദ്രകുമാർ, ഭാര്യ നിഷ രാജൻ, തേഞ്ഞിപ്പലത്തെ ശരത് ശങ്കർ, ഭാര്യ ചൈതന്യ, മൂന്നുവയസ്സുകാരി മകൾ സംസ്കൃതി, ആലുവയിലെ അതിര വേണുഗോപാൽ, കോഴിക്കോട് മാത്തറയിലെ സരിൻ പാലയ്ക്കൽ, ഭാര്യ അനുശ്രീ, മലപ്പുറം വാഴക്കാടെ നിതുൻ രാജ്, തിരൂരിലെ കീർത്തന, കാസർകോട് പനയാലിലെ മീര ചേവിരി, കോട്ടയം കൈപ്പുഴയിലെ സിനു ജേക്കബ്, ആലപ്പുഴ മണലാഴിയിലെ ബ്ലെസി ജോബ്, കോഴിക്കോട് അടിവാരത്തെ അമിത പോൾസൺ, പാലായിലെ രശ്മി ശ്രീനിവാസ്, പിറവത്തെ ത്രേസ്യാമ്മ കുരുവിള, തിരുവനന്തപുരം വർക്കലയിലെ രാഹുൽ സുരേഷ്, പത്തനംതിട്ടയിലെ ഫെബ ജോൺ എന്നിവരാണ് നാലാമത്തെ വിമാനത്തിലെത്തിയത്. തിരിച്ചെത്തുന്ന മലയാളികളെ സഹായിക്കാനായി കേരളാ ഹൗസില് കണ്ട്രോള് റൂമും പ്രവർത്തിക്കുന്നുണ്ട്.