കോഴിക്കോട്: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 10 ദിവസങ്ങളിലായി ജില്ലയിൽ 383 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായാണ് പരിശോധന. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 16 സ്ഥാപനങ്ങൾ അടച്ചിടാൻ നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ തുറന്ന് പ്രവർത്തിച്ചാൽ കച്ചവടക്കാർക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണൻ എ. സക്കീർ ഹുസൈൻ അറിയിച്ചു.
ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ രണ്ട് ചിക്കൻ സ്റ്റാളുകൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവ് നൽകി. ചത്ത കോഴിയെ വിൽപന നടത്തിയ അണ്ടിക്കോട് സി.പി.ആർ ചിക്കൻ സ്റ്റാളിനെതിരെയും ലൈസൻസ് ഇല്ലാതെ നടക്കാവിൽ പ്രവർത്തിച്ച സ്റ്റാളിനെതിരെയുമാണ് കേസെടുത്തത്.
ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം
പഴക്കടകൾ, പച്ചക്കറിക്കടകൾ, പലചരക്ക് കടകൾ എന്നിവക്കെല്ലാം ഭക്ഷ്യസുരക്ഷ ലൈസൻസ് നിബന്ധമാണ്. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ ഭക്ഷ്യ വസ്തുക്കൾ കച്ചവടം നടത്തുന്നത് കച്ചവടത്തിന്റെ വലുപ്പം അനുസരിച്ച് 10 ലക്ഷം രൂപ വരെ ഫൈൻ ചുമത്താവുന്ന കുറ്റമാണ്. ഓണക്കാല പരിശോധനയിൽ ഒന്നിലധികം ന്യൂനതകൾ കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നൽകി.
ചെറിയ ന്യൂനതകൾ കണ്ടെത്തിയ 42 സ്ഥാപനങ്ങൾക്ക് അവ തിരുത്തുന്നതിന് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 76 ഭക്ഷ്യ വസ്തുക്കളുടെ സാമ്പ്ൾ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ഗുണനിലവാരം ഇല്ലാത്ത ഭക്ഷ്യവസ്തു വിൽപന നടത്തിയതായി കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കും. ഓണക്കാലത്ത് സദ്യകൾ വിതരണം നടത്തുന്ന കാറ്ററിങ് യൂനിറ്റുകളും ഭക്ഷ്യമേളകൾ നടത്തുന്ന സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കണമെന്നും ഉപഭോക്താക്കൾ പാർസൽ ഭക്ഷണം രണ്ട് മണിക്കൂറിനുളളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.