തിരൂർ: ഓണാവധിയിൽ വിനോദസഞ്ചാരികളുടെ വർധനവുണ്ടാകാൻ സാധ്യതയുള്ളതിനാൽ ലൈസൻസ് ഇല്ലാതെയും മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയും ഉല്ലാസ ബോട്ടുകൾ സർവിസ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി തിരൂർ തഹസിൽദാർ. വിലക്ക് മറികടന്ന് സർവിസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കാൻ പൊലീസ് അധികാരികൾക്ക് പ്രാദേശിക ബോട്ട് സുരക്ഷാ കമ്മിറ്റി യോഗം ചേർന്ന് നിർദേശം നൽകിയതായും തഹസിൽദാർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പരിശോധിക്കാനായി റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർത്ത് സംയുക്ത സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്.
എല്ലാ ബോട്ടുകൾക്കും ജീവനക്കാർക്കും നിയമാനുസൃത ലൈസൻസ് ഉണ്ടായിരിക്കണം. സഞ്ചാരികൾ ലൈഫ് ജാക്കറ്റ് ധരിച്ചശേഷം മാത്രമേ ബോട്ടുകൾ സർവിസ് നടത്തുവാൻ പാടുള്ളൂ. ജെട്ടികളിൽ ബോട്ടുകളുടെ രജിസ്ട്രേഷൻ നമ്പറും ബോട്ടിൽ കയറാവുന്ന ആളുകളുടെ എണ്ണവും പ്രദർശിപ്പിച്ചിരിക്കണം. ബോട്ടു ജെട്ടികളിലും സഞ്ചാരികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.
സ്പീഡ് ബോട്ടുകൾക്ക് സർവിസിന് അനുമതി നൽകിയിട്ടില്ല. സ്പീഡ് ബോട്ടുകൾ അനധികൃത സർവിസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വിവരം കോസ്റ്റൽ പൊലീസ് അധികൃതരെ അറിയിക്കണമെന്നും തഹസിൽദാർ അറിയിച്ചു. സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ബോട്ടുകൾ സർവിസ് അവസാനിപ്പിക്കേണ്ടതാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിർദേശങ്ങളും പാലിക്കാതെ സർവിസ് നടത്തുന്ന ബോട്ടുകൾ പിടിച്ചെടുത്ത് ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ വ്യക്തമാക്കി.