തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് നഗരത്തിലെ തിരക്കൊഴിവാക്കാനും മോഷ്ടാക്കളെ വലയിലാക്കാനും പൊലീസിന്റെ ‘സ്പെഷൽ ഡ്രൈവ്’ ഈമാസം 15 മുതൽ ആരംഭിക്കും. ഇതുസംബന്ധിച്ച് രൂപരേഖ അന്തിമഘട്ടത്തിലാണ്. ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മോഷണങ്ങളും അക്രമവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് നിലവിൽ ഒരോ സ്റ്റേഷൻ പരിധിയിലെയും ഹിറ്റ്ലിസ്റ്റിലുള്ളവരെ നിരീക്ഷണത്തിൽ നിർത്താൻ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നൽകി. പുറമെ ഓണ അവധിയോടനുബന്ധിച്ച് ദിവസങ്ങളോളം വീട് അടച്ചിട്ട് വിനോദയാത്ര പോകുന്നവർ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കാനും പാൽ, പത്രം വിതരണക്കാരോട് വിവരമറിയിച്ച് ഈ ദിവസങ്ങളിൽ അവ ഒഴിവാക്കാനും പൊതുജനത്തിന് നിർദേശം നൽകാനും തീരുമാനമായി.
ലഹരി സംഘങ്ങളെ പിടികൂടാൻ എക്സൈസ് സ്പെഷൽ ഡ്രൈവുകൾ ആരംഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സംഘങ്ങളായി പിരിഞ്ഞാകും ഡ്രൈവുകൾ സംഘടിപ്പിക്കുക. തീരപ്രദേശങ്ങളിൽ ലഹരി, കഞ്ചാവ് മാഫിയ കൂടുതൽ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സ്റ്റേഷൻ എസ്.എച്ച്.ഒമാർക്ക് നിർദേശമുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങും. ഓണത്തിരക്കും ഘോഷയാത്രയും മറ്റ് ആഘോഷങ്ങളും കണക്കിലെടുത്ത് നഗരത്തിൽ കൂടുതൽ കാമറകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കൂടാതെ ഓണം വാരാഘോഷത്തോനുബന്ധിച്ച് ലക്ഷങ്ങൾ നഗരവീഥികളിലേക്കുമിറങ്ങുമെന്നതിനാൽ മറ്റ് ജില്ലകളിലെ പൊലീസുകാരെ തലസ്ഥാനത്തെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓണം എത്തുന്നതിന് രണ്ടാഴ്ച മുമ്പുതന്നെ നഗരം ഓണത്തിരക്കിലായിട്ടുണ്ട്. വസ്ത്രവ്യാപര ശാലകളിലും സ്വർണക്കടകളിലുമാണ് തിരക്കേറെയും. ഇവിടങ്ങളിൽ പാർക്കിങ് സ്ഥലം കുറവായതിനാൽ വാഹനങ്ങൾ റോഡുകൾ കൈയേറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അനധികൃത പാർക്കിങ് കർശനമായി നേരിടാനാണ് തീരുമാനം.
കിഴക്കേകോട്ട, അട്ടക്കുളങ്ങര, ചാല, പാളയം, കിള്ളിപ്പാലം, എം.ജി റോഡ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ 15 മുതൽ ശക്തമായ പൊലീസ് നിരീക്ഷണമുണ്ടാകും. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് നീക്കംചെയ്യും. അതിന്റെ ചെലവ് വാഹന ഉടമകളിൽനിന്ന് ഇൗടാക്കും.