ഓണക്കിറ്റ് മാത്രമല്ല, 26.22 ലക്ഷം വിദ്യാർഥികൾക്ക് 4 കിലോ അരി കൂടെ ലഭിക്കും; ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക ലക്ഷ്യം

news image
Sep 9, 2024, 12:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തിൽ ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും പൊതുആരോഗ്യവും ഉയർത്തുക രാഷ്ട്രത്തിന്റെ പ്രാഥമിക കർത്തവ്യങ്ങളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 26.22 ലക്ഷം വിദ്യാർഥികൾക്കാണ് 5 കിലോ വീതം അരി വിതരണം ചെയ്യുന്നത്. ഇതിൽ, 2.06 ലക്ഷം കുട്ടികൾ പ്രീ-പ്രൈമറി വിഭാഗത്തിലും 13.80 ലക്ഷം കുട്ടികൾ പ്രൈമറി വിഭാഗത്തിലും 10.35 ലക്ഷം കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും ഉൾപ്പെടുന്നു. 13,112 മെട്രിക് ടൺ അരിയാണ് ഇതിനായി ആകെ വേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യവകുപ്പിന്‍റെ സഹകരണത്തോടെയാണ് അരി വിതരണം. വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈക്കോയാണ് അരി സ്‌കൂളുകളിൽ എത്തിച്ചുനൽകുന്നത്. ഓണാവധി ആരംഭിക്കുന്നതിന് മുൻപായി അരി വിതരണം പൂർത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സപ്ലൈക്കോയുമായി ചേർന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടുണ്ട്. വിതരണത്തിന് സ്‌കൂളുകളിൽ എത്തിച്ചുനൽകുന്ന അരി പിടിഎ, സ്‌കൂൾ ഉച്ചഭക്ഷണ കമ്മറ്റി, എസ്എംസി, മദർ പിടിഎ എന്നിവയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും ഏറ്റുവാങ്ങി കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ സ്‌കൂളുകൾ നടത്തണം. വിതരണം പൂർത്തീകരിക്കുന്നതുവരെ അരി കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു.

 

ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ചു. ഓണക്കാലത്തെ വിലവർധന ഒഴിവാക്കാൻ സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വെള്ളയും നീലയും കാർഡ് ഉടമകളായ 52 ലക്ഷം കുടുംബങ്ങൾക്ക് ഓണം പ്രമാണിച്ച് 10 കിലോ അരി അധികമായി നൽകുമെന്ന് മന്ത്രി പറഞ്ഞു. വിപണിയിൽ 55-60 രൂപ വിലയുള്ള ചമ്പാവരി അരിയാണ് റേഷൻകടകൾ വഴി ഇങ്ങിനെ വിതരണം ചെയ്യുന്നത്. ബിപിഎൽ കാർഡുകാർക്കുള്ള 30 കിലോ അരിയിൽ അമ്പത് ശതമാനം ചമ്പാവരി അരി നൽകാനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

കമലേശ്വരം ജി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർഥി റിസ്വാന് അഞ്ച് കിലോ അരിയുടെ കിറ്റ് നൽകി ചടങ്ങിൽ മന്ത്രി വി ശിവൻ കുട്ടി വിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് മന്ത്രി ജി ആർ അനിലും വിശിഷ്ടാതിഥികളും കുട്ടികൾക്ക് കിറ്റുകൾ നൽകി. ആന്റണി രാജു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വാർഡ് കൗൺസിലർ വിജയകുമാരി വി, സപ്ലൈക്കോ റിജിയണൽ മാനേജർ എ സജാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്‌കൂൾ എസ്എംസി ചെയർപെഴ്സൺ ഷീജ ആർ പി, പ്രിൻസിപ്പൽ സിന്ധു എസ് ഐ, ഹെഡ്മിസ്ട്രസ് ഷീബ ഈപ്പൻ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് സ്വാഗതവും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ എസ് ഷിബു നന്ദിയും പറഞ്ഞു. സ്‌കൂൾ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe