ഓണക്കാലത്ത്‌ മയക്കുമരുന്നിനെതിരെ പ്രചാരണത്തിന്‌ ഹോട്ടലുടമകൾ

news image
Aug 23, 2023, 3:19 pm GMT+0000 payyolionline.in

ആലപ്പുഴ: പ്രതിജ്ഞചെയ്‌തും ഹോട്ടലുകളിൽ പോസ്‌റ്ററുകൾ പതിപ്പിച്ചും മയക്കുമരുന്നിനെതിരെ  ഓണക്കാലത്ത്‌ പ്രചാരണമൊരുക്കാൻ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ. സംസ്ഥാന കമ്മിറ്റി യോഗവും ഓണാഘോഷവും പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഹോട്ടലുകളിലും ബേക്കറികളിലും പതിക്കാനുള്ള മയക്കുമരുന്നുവിരുദ്ധ സ്‌റ്റിക്കർ എംഎൽഎമാരായ എച്ച് സലാമും പി പി ചിത്തരഞ്‌ജനും ചേർന്ന്‌ പ്രകാശിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ മുഖ്യാതിഥിയായി. വ്യാപാരി ക്ഷേമബോർഡ് വൈസ്ചെയർമാനായി തെരഞ്ഞെടുത്ത രാജു അപ്‌സരയെ അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാൽ അധ്യക്ഷനായി.

കേരള ഷോപ്‌സ്‌ ആൻഡ്‌ കോമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്‌ടർ പി സി ജേക്കബ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ നസീർ പുന്നക്കൽ, ഉദയസമുദ്ര ഗ്രൂപ്പ് എംഡി ഡോ. രാജശേഖരൻനായർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്‌ണ പൊതുവാൾ, ട്രഷറർ എൻ അബ്‌ദുൾ റസാഖ്, ജില്ലാ പ്രസിഡന്റ്‌ ബി നാസർ എന്നിവർ സംസാരിച്ചു.

മാലിന്യസംസ്‌കരണ സെമിനാർ

ആലപ്പുഴ > മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കേരള ഹോട്ടൽ ആൻഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. ‘ഹോട്ടലുകളിലെ മാലിന്യസംസ്‌കരണം’ സെമിനാർ കേരള പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. എ എം ഷീല ഉദ്ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാൽ അധ്യക്ഷനായി.   ശാസ്‌ത്രീയമായി ഉറവിടമാലിന്യ സംസ്‌കരണത്തിൽ പരീക്ഷിച്ച് വിജയിച്ച വിവിധ മോഡലുകളെ ശുചിത്വമിഷൻ ഡയറക്‌ടർ കെ എസ് പ്രവീൺ പരിചയപ്പെടുത്തി.

തദ്ദേശഭരണ ജോയിന്റ്‌ ഡയറക്‌ടർ ഡോ. ഉമ്മു സൽമ, എൽഎസ്ജിഡി ഡെപ്യൂട്ടി ഡയറക്‌ടർ ബൈജു ജോസ്, ശുചിത്വമിഷൻ സാനിറ്റേഷൻ എക്‌സ്‌പേർട്ട്‌ വിപിൻ, നവകേരളം ജില്ലാ കോ–-ഓർഡിനേറ്റർ കെ എസ് രാജേഷ്, പിസിബി എൻവയോൺമെന്റൽ എൻജിനിയർ ബിൻസി, എൽഎസ്ജിഡി ഇന്റേണൽ വിജിലൻസ് ഓഫീസർ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്‌ണപൊതുവാൾ സ്വാഗതവും ട്രഷറർ എൻ അബുദുൾ റസാഖ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe