ഓണക്കാലത്ത് നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് മദ്യം സമ്മാനം: ശിക്ഷാർഹമെന്ന് എക്സൈസ്

news image
Aug 21, 2023, 2:16 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഓണക്കാലത്ത് ക്ലബ്ബുകളോ കലാ – സാംസ്കാരിക സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് മദ്യം സമ്മാനമായി നൽകുന്നത് ശിക്ഷാർഹമാണെന്ന് എക്സൈസ്. സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവർക്കും മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണ്. ഓണക്കാലത്ത് ഇത്തരം രീതികൾ പലയിടങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എക്സൈസിന്റെ മുന്നയിപ്പ്.

മദ്യം സമ്മാനമായി നൽകുമെന്ന് കാട്ടി കൃത്രിമമായി തയാറാക്കുന്ന മത്സരകൂപ്പണുകളും ചിലർ ശ്രദ്ധ നേടാനായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ നോട്ടിസുകൾ കണ്ട് അനുകരിക്കരുതെന്നും എക്സൈസ് പറയുന്നു. മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നൽകുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണ്. ആറുമാസംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടി ചേർന്നതോ ആണ് ശിക്ഷ. പല രസീതുകളിലും മേൽവിലാസമോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ പരിശോധനയ്ക്ക് എക്സൈസിനു പരിമിതികളുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഓണക്കാലത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള എക്സൈസിന്റെ സ്പെഷൽ ഡ്രൈവ് ഓഗസ്റ്റ് 6ന് ആരംഭിച്ച് സെപ്റ്റംബർ 5ന് അവസാനിക്കും. ചില ലൈസന്‍സുള്ള സ്ഥാപനങ്ങളിൽ ഓണത്തിനോടനുബന്ധിച്ച് മദ്യ ഉപയോഗം വർധിപ്പിക്കാൻ പ്രത്യേക ആനുകൂല്യം നൽകി മദ്യവിൽപ്പന നടത്തുന്നത് പരിശോധിക്കണമെന്ന് എക്സൈസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe