ഒരു മാസത്തെ ദൗത്യം നീണ്ടത് മൂന്ന് വർഷം; ചൊവ്വയിൽ പറക്കൽ മതിയാക്കി ഇൻജെന്യൂയിറ്റി

news image
Jan 28, 2024, 2:27 pm GMT+0000 payyolionline.in

വാഷിങ്ടൺ ഡി.സി: നാസയുടെ ചൊവ്വാ പര്യവേഷണത്തിന്‍റെ ഭാഗമായി പെ​ഴ്​​സി​വി​യ​റ​ൻ​സ് പേടകത്തിനൊപ്പം അയച്ച ചെറു ഹെലികോപ്ടർ ‘ഇൻജെന്യൂയിറ്റി’ ദൗത്യം പൂർത്തിയാക്കി. 30 ദിവസത്തെ ദൗത്യത്തിന് വേണ്ടി അയച്ച ഇൻജെന്യൂയിറ്റി, മൂന്ന് വർഷം ദൗത്യം തുടരുകയായിരുന്നു. അവസാന പറക്കലിനിടെ പങ്കകൾ ചൊവ്വയുടെ പ്രതലത്തിലിടിച്ചുള്ള പരിക്കിനെ തുടർന്നാണ് ഇൻജെന്യൂയിറ്റി ഇനി പറക്കാനുള്ള സാധ്യതയില്ലെന്ന് നാസ വിലയിരുത്തിയത്. തുടർന്ന്, ഇൻജെന്യൂയിറ്റി ദൗത്യം പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.

72ാമത് പറക്കലിനിടെ ജനുവരി 18ന് ഇൻജെന്യൂയിറ്റിയിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായിരുന്നു. പിന്നീട്, ബന്ധം പുന:സ്ഥാപിച്ചെങ്കിലും പങ്കകൾക്ക് തകരാർ സംഭവിച്ചതായി കണ്ടെത്തി. 72ാം പറക്കലിനൊടുവിൽ നിലത്തിറങ്ങാൻ ശ്രമിക്കവേ പങ്കകൾ ചൊവ്വയുടെ പ്രതലത്തിലിടിക്കുകയായിരുന്നു. പങ്ക ഇടിച്ചുള്ള കുഴിയും, റോട്ടർ ബ്ലേഡിനേറ്റ പരിക്കും ഇൻജെന്യൂയിറ്റി അയച്ച ചിത്രങ്ങളിൽ വ്യക്തമായി.

ചൊവ്വയുടെ കാലാവസ്ഥ, അന്തരീക്ഷം, ഗുരുത്വാകർഷണം തുടങ്ങി വിവിധ കാര്യങ്ങളിൽ നിർണായ വിവരങ്ങൾ നൽകിയാണ് ഇൻജെന്യൂയിറ്റി ദൗത്യം പൂർത്തിയാക്കിയത്. അഞ്ച് പറക്കലുകൾക്കായി മാത്രം അയച്ച ചെറു ഹെലികോപ്ടർ 72 പറക്കലുകളാണ് പൂർത്തിയാക്കിയത്. മുൻകൂട്ടി നിശ്ചയിച്ചതിനേക്കാൾ 14 മടങ്ങ് കൂടുതൽ ദൂരം പറന്നു. രണ്ട് മണിക്കൂറിലേറെ നേരമാണ് ആകെ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്നത്.

പെ​ഴ്​​സി​വി​യ​റ​ൻ​സ് റോവറും ഇൻജെന്യൂയിറ്റി ഹെലികോപ്റ്ററും

ഇൻജെന്യൂയിറ്റിയുടെ മാതൃപേടകമായ പെ​ഴ്​​സി​വി​യ​റ​ൻ​സ് റോവറിനെ 2020 ജൂലൈ 30ന് നാസ വിക്ഷേപിച്ചത്. ചൊവ്വയെ വാസയോഗ്യമാക്കാൻ എത്രത്തോളം സാധ്യതയുണ്ട് എന്ന അന്വേഷണത്തിനായാണ് ദൗത്യം. 2021 ഫെബ്രുവരി 18ന് പെ​ഴ്​​സി​വി​യ​റ​ൻ​സ് വിജയകരമായി ചൊവ്വയിലെ ജസേറോ ഗർത്തത്തിൽ ഇറങ്ങുകയും ചെയ്തു.

2021 ഏപ്രിൽ 19നാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ ആദ്യ പറക്കൽ വിജയകരമായി നടത്തിയത്. ചൊ​വ്വ​യി​ലെ മൈ​ന​സ്​ 130 ഡി​ഗ്രി ത​ണു​പ്പി​ൽ സോ​ളാ​ർ പാ​ന​ൽ വ​ഴി ബാ​റ്റ​റി ചാ​ർ​ജ്​ ചെ​യ്​​താ​ണ് കോ​പ്​​ട​ർ സ്വ​യം പ്രവർത്തി​ച്ചിരു​ന്ന​ത്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe