ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യത, കേരളത്തിൽ മഴ ശക്തമാകും, 2 പേരെ കാണാതായി, ജാഗ്രത വേണമെന്ന് മന്ത്രി രാജൻ 

news image
Nov 23, 2023, 4:34 am GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. രാത്രിയിൽ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തം. മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയർന്നതോടെ, നാല് അണക്കെട്ടുകൾ തുറന്നു. 

ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ അറിയിച്ചു. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ. കല്ലാർകുട്ടി അണക്കെട്ട് കൂടി തുറക്കും. കക്കി, പമ്പ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഇല്ല. ശബരിമല തീർത്ഥാടന കാലമായതിനാൽ പാതയിൽ പ്രത്യേക ശ്രദ്ധ നൽകും. അവധി ഉണ്ടെങ്കിൽ തലേ ദിവസം തന്നെ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

കനത്തമഴയിൽ തെക്കൻ കേരളത്തിൽ വ്യാപക നാശംനഷ്ടമാണുണ്ടായത്. തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.  പത്തനംതിട്ടയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി.  കോന്നി കൊക്കാത്തോട് മേഖലയിൽ ആണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്. മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe