തിരുവനന്തപുരം: ശബരിമല മകരവിളക്ക് മഹോത്സവം 2025ന് തീർത്ഥാടകർക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി. മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആർടിസി നടത്തിയിട്ടുള്ളത്. മടക്ക യാത്രയ്ക്ക് കെഎസ്ആർടിസി പമ്പയിൽ 800 ബസുകൾ ക്രമീകരിക്കും. ജനുവരി 14 മകരവിളക്ക് ദിവസം മകര ജ്യോതി ദർശനത്തിനു ശേഷം തീർത്ഥാടകർക്ക് നിലയ്ക്കലിൽ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകൾ ക്രമീകരിക്കുന്നത്.
പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ് പമ്പയിൽ നിന്നുള്ള ദീർഘദൂരസർവ്വീസുകൾ പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവ ഉൾപ്പെടെ 245 ബസുകൾ നിലവിൽ പമ്പയിലുണ്ട്. ഇത് കൂടാതെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര , പുനലൂർ , എറണാകുളം അടക്കം വിവിധ സ്പെഷ്യൽ സെൻ്ററുകളിൽ നിന്നായി 228 ബസ്സുകളും ഒപ്പറേറ്റ് ചെയ്ത് വരുന്നുണ്ട്. ഇതിനു പുറമേയാണ് 400 ബസുകൾ കൂടി പ്രത്യേക സർവ്വീസിനായി മകരവിളക്ക് ദിവസം എത്തിക്കുന്നത്.
തെക്കൻ മേഖലയിൽ നിന്നുളള ബസുകൾ ഞായർ – തിങ്കൾ ദിവസങ്ങളിലെ സർവീസിൽ ഉൾപ്പെടുത്തി സർവീസ് ആയി 13ന് (തിങ്കൾ) വൈകിട്ട് / രാത്രി പത്തനംതിട്ടയിലും മധ്യ, വടക്കൻ മേഖലയിൽ നിന്നുള്ളവ സർവീസ് നടത്തിയ ശേഷം 13ന് (തിങ്കൾ) രാത്രി കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും എത്തിച്ചേരും. ഇവ രാവിലെ 10 മണിക്ക് മുൻപായി പമ്പയിൽ റിപ്പോർട്ട് ചെയ്ത് കൃത്യമായ നിർദ്ദേശം അനുസരിച്ച് പാർക്ക് ചെയ്യും.
നിലവിൽ സ്പെഷ്യൽ സെൻ്ററിൽ അടക്കം പൂൾ ചെയ്ത ബസ്സുകൾ ഏതാണ്ട് ഉച്ചയോടെ പമ്പയിൽ സർവിസ് അവസാനിപ്പിക്കും.