ഒരാഴ്ചയ്ക്കിടെ 11,610 പ്രവാസികള്‍ അറസ്റ്റില്‍; സൗദി അറേബ്യയുടെ എല്ലാ ഭാഗത്തും പരിശോധന ഊര്‍ജിതം

news image
Jun 14, 2023, 6:52 am GMT+0000 payyolionline.in

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 11,610 പേരെ അറസ്റ്റ്​ ചെയ്തു. ജൂൺ ഒന്ന് മുതൽ ഏഴ് വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് ക്യാമ്പയിനിടെയാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ 6,303 താമസ നിയമ ലംഘകരും 4,136 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,171  തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു.

 

രാജ്യത്തേക്ക് അതിർത്തികള്‍ വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 619 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 43 ശതമാനം പേര്‍ യെമനികളും 54 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 119 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ – തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യം ഒരുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 19 പേർ അറസ്റ്റിലായി.  ആകെ 29,399 നിയമലംഘകർ നിലവിൽ ശിക്ഷാ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 24,372 പുരുഷന്മാരും 5,027സ്ത്രീകളുമാണ്. ഇവരിൽ 7,723 നിയമലംഘകരെ യാത്രാരേഖകൾലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക്​ കൈമാറി. 23,381 നിയമ ലംഘകരെ യാത്രാനടപടികൾ പൂർത്തിയാക്കാൻ റഫർചെയ്തു. 1,171 നിയമ ലംഘകരെ നാടുകടത്തി.

 

അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെപിഴ ചുമത്തും. കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവകണ്ടുകെട്ടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe