‘ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റ് , 2 മരണങ്ങൾ കെട്ടിടം വീണുണ്ടായ അപകടത്തിൽ’ – ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

news image
Feb 14, 2025, 10:53 am GMT+0000 payyolionline.in

കൊയിലാണ്ടിയിൽ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. ഇതിൽ ലീല മരിച്ചത് ആനയുടെ ചവിട്ടേറ്റും അമ്മുക്കുട്ടി അമ്മ, രാജൻ എന്നിവർ മരിച്ചത് കെട്ടിട ഭാഗങ്ങൾ ദേഹത്തുവീണുമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രാജന് ആന്തരിക രക്തസ്രാവം ഉണ്ടായി. അമ്മുക്കുട്ടി അമ്മയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നു പേരുടേയും മൃതദേഹം കൊയിലാണ്ടി കുറവങ്ങാട് എത്തിച്ചു. പരുക്കേറ്റവർ അപകടനില തരണം ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിലുള്ളത്

അതേസമയം, ആന ഇടഞ്ഞ സംഭവത്തിൽ വ്യത്യസ്ത കണ്ടെത്തലുകളാണ് വനം – റവന്യൂ വകുപ്പുകൾ മുന്നോട്ടുവയ്ക്കുന്നത്. ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ എന്ന ആന മുന്നിൽ കയറിയതാണ് പീതാംബരൻ എന്ന ആനയെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്‍റെ കണ്ടെത്തൽ. ഗോകുലിനെ പീതാംബരൻ ആക്രമിച്ചതോടെ ഗോകുൽ ക്ഷേത്ര കമ്മിറ്റി ഓഫിസിലേക്ക് കയറി. ഇതോടെ ഓഫിസ് നിലംപൊത്തി. ഇതാണ് ആളുകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് വനം വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും പറയുന്നു. ഇരുറിപ്പോർട്ടുകളും മന്ത്രി എ.കെ. ശശീന്ദ്രനു കൈമാറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe