ഒഡിഷ ട്രെയിൻ അപകടം: അന്വേഷണ ശേഷം മാത്രമേ കാരണം വ്യക്തമാകൂ, ഇപ്പോൾ രാജിയല്ല, രക്ഷാ പ്രവർത്തനമാണ് മുഖ്യം -റെയിൽവേ മന്ത്രി

news image
Jun 3, 2023, 10:20 am GMT+0000 payyolionline.in

ന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്ന് റെയിൽ​വെ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടം എങ്ങനെയാണ് നടന്നതെന്നറിയാനാണ് അന്വേഷണം നടത്തുന്നത്. അതിനു ശേഷം മാത്രമേ അപകട കാരണം വ്യക്തമാകൂവെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. റെയിലവേ സുരക്ഷാ കമീഷണറെ വിളിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണത്തിനൊടുവിൽ മാത്രമേ അപകടമുണ്ടായതെങ്ങനെയെന്ന് തിരിച്ചറിയാനാകൂ.

 

സർക്കാർ ഇപ്പോൾ രക്ഷാപ്രവർത്തനത്തിലും പരിക്കേറ്റവരുടെ ചികിത്സയിലുമാണ് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. റെയിൽവേയിൽ നിന്നുള്ള സംഘവും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംസ്ഥാന സർക്കാറും സംയുക്തമായാണ് കഴിഞ്ഞ രാത്രി മുതൽ രക്ഷാ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ഇപ്പോൾ രാജിയെ കുറിച്ചല്ല, രക്ഷാ പ്രവർത്ത​നത്തെയും ചികിത്സ നടപടികളെയും കുറിച്ചാണ് ചിന്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗതം പുനഃസ്ഥാപിക്കുന്ന പ്രവർത്തികൾ ജില്ലാ അധികാരികളുടെ അനുമതിക്ക് ശേഷം നടപ്പാക്കും. എന്തെങ്കിലും അശ്രദ്ധയുണ്ടായോ എന്ന കാര്യത്തിൽ അ​ന്വേഷണത്തിന് ശേഷം മാത്രമേ മറുപടി പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ബാലസോറിൽ ട്രെയിൻ അപകടമുണ്ടായത്. കൊറമണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റുകയും എതിരെ വന്ന യശ്വന്ത്പൂർ- ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് അവയിൽ ഇടിക്കുകയുമായിരുന്നു. ഹൗറ എക്സ്പ്രസിന്റെ നാലു ബോഗികൾ അടുത്ത പാളത്തിലേക്ക് വീഴുകയും അതുവഴി വന്ന ചരക്ക് ട്രെയിൻ ആ ബോഗികളിലൂടെ ഇടിച്ചു കയറുകയും ചെയ്തു.

മൂന്ന ട്രെയിനുകൾ കൂട്ടിയിടിച്ച അപകടത്തിൽ 261 പേരാണ് മരിച്ചത്. 900 ഒളം പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe