ന്യൂഡൽഹി: ബി.ജെ.പിയുടെ സ്ഥാപകനേതാക്കളിലൊരാളായ എൽ.കെ. അദ്വാനി അയോധ്യയിലെ രാമപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുത്ത നേതാവാണ് അദ്വാനി. അദ്വാനി ചടങ്ങിൽ പങ്കെടുക്കുമെന്ന് വി.എച്ച്.പി പ്രസിഡന്റ് അലോക് കുമാർ ആണ് അറിയിച്ചത്. നേരത്തേ അദ്വാനിയോട് വീട്ടിലിരുന്ന് ചടങ്ങ് വീക്ഷിച്ചാൽ മതിയെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞതായി വാർത്തകളുണ്ടായിരുന്നു.
അതിനിടെ, മറ്റൊരു മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി ചടങ്ങിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ”ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്വാനിജി അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ അദ്ദേഹത്തിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കും.”-അലോക് കുമാർ പറഞ്ഞു. മുരളി മനോഹർ ജോഷി ചടങ്ങിനെത്താൻ പരമാവധി ശ്രമിക്കുന്നതായും അലോക് പറഞ്ഞു. മുരളി മനോഹർ ജോഷിയും ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.
ആദ്യം അദ്വാനിയെയും ജോഷിയെയും പ്രായം കണക്കിലെടുത്ത് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചിരുന്നത്. ചടങ്ങ് വീട്ടിലിരുന്ന് കണ്ടാൽ മതിയെന്നും നിർദേശം നൽകി. ഇക്കാര്യം മാധ്യമങ്ങൾ വാർത്തയാക്കിയതിനു പിന്നാലെ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ക്ഷണക്കത്തയച്ചു.