തിരുവന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐസിയു, വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള സ്ഥിതി തുടരുന്നതാണെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം മെഡിക്കൽകോളേജിലെ നിരക്ക് വർധനയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ സി യു-വിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ ആയിരുന്നു മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടിരുന്നു. വെൻ്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐ സി യു വിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. മഞ്ഞ കാർഡുകാർഡുള്ളവർക്ക് മാത്രമാണ് സൗജന്യം. മഞ്ഞകാർഡില്ലാത്ത ആയിരങ്ങളാണ് ആശിപത്രിയിലെത്തുന്നതെന്നും ഇവർക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച കേസിലായിരുന്നു നടപടി.