ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍, തലസ്ഥാനത്താകെ ഉത്സവമയം

news image
Nov 1, 2023, 4:01 am GMT+0000 payyolionline.in

തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാൾ. കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗമായുള്ള സംസ്ഥാന സർക്കാരിന്‍റെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിരയാണ് പങ്കെടുക്കുന്നത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ തുടങ്ങിയ എല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുന്നതാണ് കേരളീയം. കേരളീയം ആഘോഷത്തിന്‍റെ ഭാഗമായി ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. ചുമർ ചിത്രങ്ങളും ഇൻസ്റ്റലേഷനുകളും ഉൾക്കൊള്ളുന്ന പ്രദർശനങ്ങളും കേരളീയത്തിന് മാറ്റുകൂട്ടും. ശോഭനയടക്കമുള്ള പ്രമുഖരെത്തുന്ന കലാപരിപാടികളും കേരളീയത്തിന്‍റെ ഭാഗമായി നടക്കും. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തിൽ പുസ്തകോത്സവം നടക്കും.

കവടിയാർ മുതൽ കിഴക്കേകോട്ട വരെ നീളുന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റിവലുമുണ്ട്. 11 വേദികളിലായാണ് വ്യത്യസ്ത രുചിക്കൂട്ടുകൾ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയാണ് സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോർ തിയേറ്റർ, യൂണിവേഴ്സിറ്റി കോളേജ് എന്നിങ്ങനെ നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളില്ലെലാം വേദികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സർവീസുകളുണ്ടാകും. ഇന്ന് മുതൽ എല്ലാ വേദികളും സജീവമാകും. രാവിലെ പത്ത് മണിക്ക് സെൻട്രൽ സ്റ്റേഡയിത്തിൽ മുഖ്യമന്ത്രി ആഘോഷത്തിന് തിരിതെളിക്കും. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe