ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോൺട്രാക്ട് കാരേജ് വാഹനങ്ങളിലും ഏപ്രിൽ ഒന്ന് മുതൽ കാമറ സ്ഥാപിക്കണമെന്ന് മോട്ടർ വാഹന വകുപ്പ് നിർദേശം. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ആർ.ടിഒമാർക്കും ജോയന്റ് ആർ.ടി.ഒമാർക്കും സർക്കുലർ എത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മുൻ, പിൻ ഭാഗങ്ങൾ, ഉൾവശം എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ വ്യക്തമാകുന്ന വിധം മൂന്ന് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം.
ഓൾ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കോൺട്രാക്ട് കാരേജ് വാഹനങ്ങളിലും മുൻ, പിൻ ദൃശ്യങ്ങൾ വ്യക്തമാക്കുന്നതും റെക്കോഡിങ് ഉള്ളതും രാത്രി ദൃശ്യങ്ങൾ പകർത്തുന്നതും ഡ്രൈവറുടെ ക്ഷീണം, ഉറക്കം, മൊബൈൽ ഉപയോഗം തുടങ്ങിയവ തിരിച്ചറിയാൻ സെൻസിങ് സവിശേഷതകൾ ഉള്ളതുമായ കാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവറുടെ കാബിൻ, പാസഞ്ചേഴ്സ് കമ്പാർട്ട്മെന്റ് എന്നിവയെ വേർതിരിക്കാൻ കട്ടിയുള്ളതും ഇരുണ്ടതുമായ കർട്ടനുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.