ദില്ലി: ഏക സിവിൽ കോഡിൽ വിദഗ്ധ സമിതി കരട് റിപ്പോർട്ട് 15ന് കൈമാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. വിദഗ്ധ സമിതി കരട് റിപ്പോർട്ട് 15ന് കൈമാറും. വിദഗ്ധ സമിതി ഒരു വട്ടം കൂടി നാളെ ദില്ലിയിൽ യോഗം ചേരുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കൂട്ടിച്ചേർത്തു.
അതേസമയം, ഏക സിവിൽ കോഡിൽ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നൽകിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കൾ അറിയിച്ചു.
ഏക സിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉൾപ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്. ഫെഡറല്‍ തത്വങ്ങള്‍ക്കും, മതേതരത്വതത്തിനും എതിരാണെന്ന നിലപാടുയര്‍ത്തി നാഗാലാന്‍ഡിലെ ഭരണകക്ഷിയായ എന്‍ഡിപിപി സിവില്‍ കോഡിനെ എതിര്‍ത്തിരുന്നു.
അതേ സമയം, ഏക സിവില്‍കോഡ് ബില്ല് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാനുള്ള നീക്കം ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ മൂന്നാംവാരം വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കേ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലെ ആദ്യ നിയമനിര്‍മ്മാണമായി ഏക സിവില്‍കോഡിനെ പരിഗണിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. നിയമ കമ്മീഷനെയടക്കം വിളിപ്പിച്ചാണ് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിശാല യോഗം ചേരുന്നത്. ഇതിനോടകം കിട്ടിയ എട്ടരലക്ഷത്തിലധികം പ്രതികരണങ്ങളുടെ ഉള്ളടക്കം നിയമകമ്മീഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിക്കും.