എൻ.എം.വിജയന്റെ മരണം: ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്‌ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ്

news image
Jan 9, 2025, 6:49 am GMT+0000 payyolionline.in

ബത്തേരി ∙ സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണു കേസ്. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ, അന്തരിച്ച ഡിസിസി പ്രസിഡന്റ് പി.വി.‌ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാലു നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്നു വിജയന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്.

ഇന്നലെയാണ് ആത്മഹത്യ പ്രേരണാക്കുറ്റത്തിനു ബത്തേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് ഇന്ന് എൻ.എം.വിജയന്റെ കത്തിൽ പരാമർശിക്കുന്നവരെ പ്രതികളാക്കുകയായിരുന്നു. ഐ.സി.ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേെസടുത്തത്.

ആത്മഹത്യക്കുറിപ്പ് വന്നതിനു പിന്നാലെയാണ് ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസെടുത്തത്. കേസ് റജിസ്റ്റർ ചെയ്തതോടെ ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പൊലീസിനു മുന്നിൽ ഹാജരാകേണ്ടി വരും. അതേസമയം, സഹകരണ ബാങ്ക് നിയമനക്കോഴ പരാതികളിൽ എൻ.എം.വിജയൻ ഉൾപ്പെടെ 6 പേർക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിരുന്നു. താളൂർ സ്വദേശി പത്രോസ്, പുൽപള്ളി സ്വദേശി സായൂജ്, അമ്പലവയൽ ആനപ്പാറ സ്വദേശി ഷാജി എന്നിവരുടെ പരാതിയിലാണു കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe