എൺപതോളം ഉപാധികൾ, സുരക്ഷാ ഡെപ്പോസിറ്റായി മുൻ‌കൂർ തുക; വിജയ്‌യുടെ ഈറോഡ് റാലിക്ക് ഒടുവിൽ അനുമതി

news image
Dec 15, 2025, 3:50 pm GMT+0000 payyolionline.in

ചെന്നൈ: കർശന ഉപാധികളോടെ വിജയ്‌യുടെ ഈറോഡ് റാലിക്ക് അനുമതി നൽകി പൊലീസ്. ബോണ്ട്, ആളെണ്ണം, മൈതാനം വൃത്തിയാക്കൽ തുടങ്ങി എൺപതോളം ഉപാധികളോടെയാണ് റാലിക്ക് അനുമതി നൽകിയിട്ടുള്ളത്. ഡിസംബർ 18നാണ് ഈറോഡിൽ വിജയ്‌യുടെ റാലി നടക്കുക.

84 ഉപാധികളാണ് തമിഴക വെട്രി കഴകത്തിന് മുൻപാകെ പൊലീസ് വെച്ചിട്ടുളളത് എന്നാണ് വിവരം. സുരക്ഷാ ഡെപ്പോസിറ്റ് ആയി പരിപാടിക്ക് മുൻപാകെ 50,000 രൂപ ബോണ്ട് കെട്ടിവെക്കണം, പരിപാടിക്ക് ശേഷം മൈതാനം വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കണം തുടങ്ങിയവയാണ് അവ. ക്ഷേത്ര മൈതാനത്താണ് റാലി നടക്കുന്നത്. അതുകൊണ്ട് ക്ഷേത്രത്തിന് മുൻകൂറായി 50,000 രൂപ വാടകയിനത്തിൽ നൽകണമെന്നും നിബന്ധനയുണ്ട്.

മൈതാനം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നേരത്തെ പ്രതിസന്ധിയുണ്ടായിരുന്നു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് ഡിപ്പാർട്ടുമെന്റിന് (എച്ച്ആർ & സിഇ) കീഴിലായിരുന്നു റാലിക്കായി കണ്ടെത്തിയ മൈതാനം. ആദ്യഘട്ടത്തിൽ മൈതാനം വിട്ടുകൊടുക്കാൻ എച്ച്ആർ & സിഇ സമ്മതിച്ചിരുന്നില്ല. തുടർന്ന് പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മൈതാനം വിട്ടുകൊടുത്തത്.

41 പേരുടെ ജീവൻ നഷ്ടപ്പെട്ട കരൂർ ദുരന്തത്തിന് ശേഷം കർശന നിബന്ധനകളോടെയാണ് വിജയ്‌യുടെ പൊതുയോഗങ്ങൾക്കും റാലിക്കും അനുമതി ലഭിക്കുന്നത്. പുതുച്ചേരിയിലെ പൊതുയോഗത്തിനും കർശന നിബന്ധനകളാണ് ഉണ്ടായിരുന്നത്. വിജയ് എത്തുന്ന സമയം അറിയിക്കണം, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പങ്കെടുക്കാൻ പാടില്ല, 5000 പേർക്ക് മാത്രം പ്രവേശനം എന്നിങ്ങനെയായിരുന്നു നിബന്ധനകൾ. കാഞ്ചീപുരത്ത് അടച്ചിട്ട വേദിയിലാണ് സമ്മേളനം നടന്നത്.

സെപ്തംബർ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ കരൂർ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe