കായംകുളം ∙ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന് എംകോം പ്രവേശനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ മുഖ്യപ്രതിയെ ചെന്നൈയിൽ നിന്ന് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ സർട്ടിഫിക്കറ്റ് കേസിലെ നാലാം പ്രതി ചെന്നൈ അയ്നാവരം കെ.ആർ.കെ.രമണീസ് ഓർക്കിഡ്സിൽ മുഹമ്മദ് റിയാസാണ്(30) പിടിയിലായത്. നേരത്തേ ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം പോയെങ്കിലും മുൻകൂർ ജാമ്യാപേക്ഷ നൽകി റിയാസ് ഒളിവിൽ പോവുകയായിരുന്നു.
കായംകുളം എംഎസ്എം കോളജിൽ പഠിച്ച എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ബികോം പൂർത്തിയാക്കാതെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവിടെത്തന്നെ എംകോം പ്രവേശനം നേടുകയായിരുന്നു. ഛത്തീസ്ഗഡ് കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റാണു ഹാജരാക്കിയതെന്നു കേരള സർവകലാശാല സ്ഥിരീകരിച്ചതോടെ വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു. നിഖിൽ ഉൾപ്പെടെ മൂന്നു പേർ നേരത്തേ അറസ്റ്റിലായിരുന്നു.
ചെന്നൈയിൽ ചെന്നൈ എജ്യുടെക് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് റിയാസാണു കലിംഗ സർവകലാശാലയുടെ ബികോം മാർക്ക് ലിസ്റ്റുകളും ബിരുദ സർട്ടിഫിക്കറ്റും മൈഗ്രേഷൻ സർട്ടിഫിക്കറ്റും നിർമിച്ചു കൈമാറിയതെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിശദമായ തെളിവെടുപ്പിന് ഇയാളെ ചെന്നൈയിലേക്കു കൊണ്ടുപോയി. കേസിൽ നേരത്തെ അറസ്റ്റിലായ നിഖിൽ തോമസ്, അബിൻ സി.രാജ്, സജു ശശിധരൻ എന്നിവർ ജാമ്യത്തിലാണ്.