തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോളജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. കോളജുകളിൽ എസ്എഫ്ഐ നടത്തുന്ന വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചാണ് സമരമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
‘‘എസ്എഫ്ഐ നേതാക്കൾ കേരളത്തിൽ കുമ്പിടികളാവുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്എഫ്ഐ നേതാക്കൾ പ്രവേശനം നേടുന്നത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ്. കലിംഗ യൂണിവേഴ്സിറ്റിയിൽ നിഖിൽ പഠിച്ചിട്ടില്ലെന്ന് അവിടുത്തെ റജിസ്ട്രാർ പറയുമ്പോൾ വലിയ ക്രിമിനൽ കുറ്റമാണ് ചെയ്തിട്ടുള്ളത്. ഇത് അന്വേഷിക്കണം.’’– അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
നിഖിൽ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ ഗൂഢാലോചനയുണ്ട്. ഈ സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് കെഎസ്‌യു കത്ത് നൽകി.