എസ്എഫ്ഐയിൽ ഇടതുപക്ഷ നിലപാടിലൂന്നിയ തിരുത്തൽ വരുത്തേണ്ടതുണ്ട്: ബിനോയ് വിശ്വം

news image
Jul 12, 2024, 3:46 pm GMT+0000 payyolionline.in

ദില്ലി: എസ്എഫ്ഐ വിദ്യാര്‍ത്ഥികൾക്കൊപ്പം നിൽക്കുന്ന പ്രസ്ഥാനമാണെന്നും എന്നാൽ ഇടതുപക്ഷ നിലപാടിലൂന്നിയ തിരുത്തൽ എസ്എഫ്ഐയിൽ നടത്തേണ്ടതുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദില്ലിയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെൻ്റംഗത്വം ഒഴിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് തിരികെ വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് മലയാളി അസോസിയേഷൻ യാത്രയയപ്പ് നൽകിയത്.

തന്റെ നിലപാടിനകത്ത് താൻ ഒരിക്കലും വെള്ളം ചേർത്തിട്ടില്ലെന്ന് ബിനോയ് വിശ്വം സ്വീകരണത്തിലെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആരെയും പറഞ്ഞു പേടിപ്പിച്ചിട്ടില്ല. നടക്കേണ്ട കാര്യങ്ങൾ നടത്താൻ ശ്രമിക്കും. താൻ വലിയ ആൾ അല്ല. പിണറായി വിജയനുമായി തനിക്ക് തർക്കമുണ്ടെന്ന് ചിലർ കരുതുന്നു. എന്നാൽ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാമെന്നല്ലാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല ബന്ധമാണ്. ആശയങ്ങൾ തമ്മിലാകണം ഏറ്റുമുട്ടേണ്ടത്. ആശയത്തിൽ ഉറപ്പുണ്ടെങ്കിൽ ആയുധം തപ്പി പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്നാണ് അദ്ദേഹം സംസ്ഥാനത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചത്. ക്യാമ്പസുകൾ ആശയത്തിന്റെ വേദികൾ ആകണമെന്ന് അദ്ദേഹം പറഞ്ഞു. ശരിയുടേതാണ് ഇടതുപക്ഷത്തിൻ്റെ കാഴ്ചപ്പാട്. എസ്എഫ്ഐയുടെ ആശയം തനിക്ക് അറിയാം. വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്ന ആശയമാണ് എസ്എഫ്ഐയുടേത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സംവാദം നടക്കുന്നുണ്ട്. എഐഎസ്എഫ് ഒരു ക്യാമ്പസിലും എസ്എഫ്ഐയോട് ഏറ്റുമുട്ടാൻ പോകരുത്. എസ്എഫ്ഐയിൽ ഇടതുപക്ഷ നിലപാടിലൂന്നിയ തിരുത്തൽ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആയിരം നന്മ നമ്മളോടൊപ്പം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അത് തിരുത്താൻ സാധിക്കണം. സിപിഎം മാത്രമല്ല തിരുത്തേണ്ടത്, സിപിഐയും തിരുത്തണം. എല്ലാ കുറ്റവും സിപിഎമിന്റേത് എന്ന് പറയുന്നതല്ല സിപിഐ നിലപാട്. ഇടതുപക്ഷത്തിൻ്റെ പരമ്പരാഗത കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ട്. അവ കൃത്യമായി പഠിച്ച് പരിശോധിക്കണമെന്നും സംസ്ഥാനത്ത് ഇടതുപക്ഷം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe