എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ

news image
Dec 10, 2025, 9:41 am GMT+0000 payyolionline.in

കൊച്ചി: പോളിംഗ് ദിനത്തിൽ എറണാകുളം ജില്ലയിൽ വിവിധയിടങ്ങളിലായി വോട്ട് ചെയ്യാനിറങ്ങിയ മൂന്ന് പേർ കുഴഞ്ഞ് വീണ് മരിച്ചു. ഒരാൾ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നതിനിടയിലും മറ്റൊരാൾ പോളിംഗ് ബൂത്തിലും മൂന്നാമത്തെയാൾ വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോകുന്നതിനിടയിലുമാണ് മരിച്ചത്.

കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാർഡിൽ കമ്പിവേലിക്കകത്ത് വീട്ടിൽ ബാബുവാണ് (75) വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂൾ ബൂത്തിലാണ് സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: സുജന. മക്കൾ: ബിജു, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തെറ്റാലി എസ്എൻഡിപി ശ്മശാനത്തിൽ നടത്തി.

പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിലെ 20-ാം വാർഡിൽ മിനി കവല ഒന്നാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ അമ്പലപ്പറമ്പിൽ രാഘവൻ നായർ (83) ആണ് രാവിലെ ഒൻപത് മണിയോടെ കുഴഞ്ഞ് വീണത്. പോളിംഗ് സ്റ്റേഷനിലെ ഓഫീസർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ട് മുൻപാണ് രാഘവൻ നായർ കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സുമതിയമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. മക്കൾ: ദീപ, പരേതനായ ബിജു. മരു മകൻ: ഹരി.

വരാപ്പുഴ തേവർകാട് തണ്ണിക്കോട് ടി.ജെ. വർഗീസ് (65) ആണ് വോട്ട് ചെയ്യാൻ വീട്ടിൽ നിന്നും പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെ മരണപ്പെട്ടത്. വരാപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിലെ ഇസബെല്ല സ്കൂളായിരുന്നു വർഗീസിന്റെ പോളിംഗ് സ്റ്റേഷൻ. പോളിംഗ് സ്റ്റേഷനിലെത്താൻ 500 മീറ്റർ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴാണ് അദ്ദേഹം കുഴഞ്ഞ് വീണത്. ഉടൻ തന്നെ ചേരാനല്ലൂർ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നന്ദിനി. മക്കൾ: സൂര്യ, സോന്യു. മരുമകൻ: അനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് കൂനമ്മാവ് സെയ്ന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe