എറണാകുളം തോട്ടിൻകരയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; ഉപേക്ഷിച്ചത് അതിഥി തൊഴിലാളി ദമ്പതികൾ

news image
Oct 11, 2023, 4:45 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം പെരുമ്പാവൂർ മുടിക്കലിലെ തോടിന് കരയിൽ  നവജാത ശിശുവിനെ  ഉപേക്ഷിച്ച് കടന്നത് ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളെന്ന് പൊലീസ്. നാല് ദിവസം മുമ്പാണ് 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ  തോട്ടിൻ കരയിൽ നിന്നും കണ്ടെത്തിയത്. മാതാപിതാക്കൾ താമസിച്ചതായി സൂചനയുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തി.

വീട്ടുടമയുടെ കൈവശം താമസക്കാരുടെ പേര് വിവരങ്ങൾ ഇല്ലാത്തത് പൊലീസിന് തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. മേതല തുരങ്കം ജംഗ്ഷന് സമീപം പ്രദേശവാസിയായ ഷാജി വാടകയ്ക്ക് നൽകിയ വീട്ടിലാണ് അതിഥി തൊഴിലാളികളായ ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവിടെ പൊലീസും വിരൽ അടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.  കുട്ടിയെ പൊതിഞ്ഞ് കൊണ്ടുപോകാൻ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന ബഡ്ഡ് ഷീറ്റിന്റെ ബാക്കി ഭാഗം വീടിന്റെ പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

അതിഥി തൊഴിലാളികളായ ജമ്പതിമാർ താമസിച്ച് വന്നിരുന്ന വീട്ടിൽ രണ്ടര വയസ്സുള്ള ഒരു ആൺകുട്ടിയും ബന്ധുക്കളായ സ്ത്രീകളും ഉണ്ടായിരുന്നു. വീടിന് തൊട്ടടുത്തുള്ള സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ആയിരുന്നു ഇവർക്ക് ജോലി. എന്നാൽ ആരുടെയും മേൽവിലാസമോ പേരുവിവരങ്ങളോ വീട്ടുടമസ്ഥന്‍റെ കൈയ്യിലില്ല. കഴിഞ്ഞദിവസം വീട്ടിൽ നിന്ന് പിഞ്ചുകുഞ്ഞിന്‍റെ കരച്ചിൽ കേട്ടതായും കുട്ടി ഉണ്ടായതിന്റെ സന്തോഷത്തിൽ പരിസരവാസികൾക്ക് ഇവർ ലഡു നൽകിയെന്നും വീട്ടുടമസ്ഥൻ ഷാജി പറഞ്ഞു. പെരുമ്പാവൂർ ഗവൺമെന്റ് ആശുപത്രിയിലായിരുന്നു പ്രസവം നടന്നതെന്നാണ് കുടുംബം ഇവരോട് പറഞ്ഞിരുന്നത്.

എന്നാൽ കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ  പൊലീസെത്തി വിവരങ്ങൾ തേടിയപ്പോഴാണ് വീട്ടുടമ സംഭവമറിയുന്നത്. കരാറുകാർ വഴിയാണ് വീട് വാടകയ്ക്ക് നൽകിയതെന്നും അതിനാൽ താമസക്കാരുടെ പേരോ നാടോ അറിയില്ലെന്ന് വീട്ടുടമസ്ഥൻ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പല മേഖലകളിൽ അന്വേഷണം തുടരുന്നതായി പെരുമ്പാവൂർ പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe