ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചത് കാരണം എയർഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
സിവിൽ ഏവിയേഷൻ നിർദേശങ്ങൾ പാലിക്കാത്തതിന് വിശദീകരണം ആവശ്യപ്പെട്ട് ഏവിയേഷൻ റെഗുലേറ്റർ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും എയർലൈനുകൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ഡിജിസിഎ സ്വീകരിക്കുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു.
എയർലൈൻ സർവീസുകൾ റദ്ദാക്കുമ്പോഴോ ഫ്ലൈറ്റുകളിലെ കാലതാമസം എന്നിവ കാരണം യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങൾ പരിഹരിക്കണം. ഫ്ലൈറ്റ് റദ്ദാക്കലുകൾ, കാലതാമസം എന്നിവ നേരിടുമ്പോൾ അവർക്ക് ശരിയായ സംരക്ഷണം ഉറപ്പുനൽകാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങൾ പാലിക്കണം.
2023 മെയ് മുതൽ പ്രധാന വിമാനത്താവളങ്ങളിൽ ആഭ്യന്തര വിമാനക്കമ്പനികളുടെ പരിശോധനകൾ ഡിജിസിഎ നടത്തുന്നുണ്ട്. വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെടുകയാണെന്ന് വ്യക്തമായതിനാലാണ് എയർഇന്ത്യക്ക് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാരണത്തിൽ എയർ ഇന്ത്യക്ക് താക്കീത് ലഭിച്ചിരുന്നു. യാത്രക്കാരുടെ ബോർഡിംഗുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ തുടർച്ചയായി പാലിക്കാത്തതിനാൽ, എയർലൈനിൽ നിന്ന് 10 ലക്ഷം രൂപ ഈടാക്കി. യാത്രക്കാരുടെ അവകാശങ്ങളിലും ഡിജിസിഎ ഊന്നൽ നൽകുന്നത് സുരക്ഷിതവും യാത്രാസൗഹൃദവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു എന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഏവിയേഷൻ റെഗുലേറ്റർ അറിയിച്ചു.