എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത് അബദ്ധമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം

news image
Aug 30, 2023, 5:01 pm GMT+0000 payyolionline.in

ചങ്ങരംകുളം (മലപ്പുറം): ആമയം സ്വദേശി ഷാഫി (42) എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റു മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം. പൊലീസ് കൃത്യമായി അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഷാഫിയുടെ പിതാവ് ഹൈദ്രോസ് കുട്ടിയും മാതാവ് ആസിയയും സഹോദരൻ ഷരീഫും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് വെടിയേറ്റ് മരിച്ചത്. സുഹൃത്തിന്‍റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

ഷാഫി വെടിയേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത ഏറെ ഉണ്ടെന്ന് ഇവർ പറയുന്നു. ഷാഫിയെ ഫോണിൽ പലതവണ വിളിച്ച് വരുത്തിയതിൽ സൈബർ സെൽ അന്വേഷണം വേണം. ഷാഫിയെ സുഹൃത്ത് സജീവ് അഹമ്മദ് നിർബന്ധിച്ച് വിളിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അധിക സമയം കഴിയും മുമ്പ് തന്നെ ഷാഫിക്ക് എയർ ഗണ്ണിൽ നിന്ന് വെടിയേൽക്കുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് സജീവിന്‍റെ വീട്ടിൽ ആളില്ലാത്തതും, വെടിയേറ്റ സമയത്തും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും മറ്റാരേയും ഉൾപ്പെടുത്താത്തതും, മരണം സ്ഥിരീകരിച്ചതോടെ പ്രതികൾ രക്ഷപ്പെട്ടതും സംഭവം ആസൂത്രിതമാണെന്ന് തെളിയിക്കുന്നതാണെന്ന് ഇവർ ആരോപിച്ചു.

ഷാഫി വെടിയേറ്റ് മരിച്ചത് അബദ്ധത്തിലാണെന്ന തരത്തിലുള്ള വാർത്തകളും സമൂഹമാധ്യമ പ്രചാരണവും അംഗീകരിക്കാൻ കഴിയില്ല. ആസൂത്രിതമായ കൊലപാതകമാണ് നടന്നത് – ബന്ധുക്കൾ പറയുന്നു. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ എയർഗൺ പൊട്ടിയാണ് ഷാഫി കൊല്ലപ്പെട്ടത് എന്ന വാദം വിശ്വാസത്തിലെടുക്കാൻ കഴിയുന്നതല്ല. സംഭവം നടന്നത് മുതൽ പ്രതികളും പൊലീസും എന്തൊക്കെയോ മറച്ച് വെക്കുകയാണ്. ഷാഫിക്ക് വെടിയേൽക്കാനുണ്ടായ സാഹചര്യം തന്നെ ദുരൂഹത നിറഞ്ഞതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

പ്രധാന പ്രതിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും അബദ്ധത്തിൽ സംഭവിച്ചതെന്ന വാദം ഉയർത്തി കേസ് ഒതുക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടക്കുന്നുണ്ടെന്നും ഇവർ പറയുന്നു. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനും മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി അടക്കമുള്ളവർക്ക് പരാതി നൽകാനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe