എന്ത് കൊണ്ട് വീണ്ടും കോഴിക്കോട് നിപ? കേരളം പഠനം നടത്തും

news image
Sep 19, 2023, 4:18 pm GMT+0000 payyolionline.in

തിരുവനന്തപുരം: എന്ത് കൊണ്ടാണ് വീണ്ടും കോഴിക്കോട് നിപ ബാധ റിപ്പോർട്ട് ചെയ്യുന്നത് എന്നത് സംബന്ധിച്ച് സംസ്ഥാനം പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്ത് കൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐ.സി.എം.ആറും നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സര്‍വ്വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വവ്വാലുകളെ സംബന്ധിച്ച് ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിന്‍റെ വിവരങ്ങളും നമുക്ക് ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിള്‍ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കല്‍ വൈറളോജി ഇന്‍സ്റ്റിട്ട്യൂട്ടിന്‍റെ സഹായത്തോടെ നടപ്പാക്കും’ -അദ്ദേഹം പറഞ്ഞു.

ഐ.സി.എം.ആര്‍ വൈറസ് സീക്വന്‍സി നടത്തിയപ്പോള്‍ 2018നും 2019നും സമാനമായ കാര്യങ്ങളാണ് കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. പൊലീസ് സഹായത്തോടെ ആദ്യത്തെ കേസിന്‍റെ റൂട്ട് മാപ്പ് എടുത്തിരുന്നു. വീടിന്‍റെ ചുറ്റുമുള്ള കുറച്ച് സ്ഥലങ്ങള്‍ മാത്രമാണ് അദ്ദേഹം പോയിട്ടുണ്ടായിരുന്നത്. ഈ സ്ഥലത്തെ വവ്വാലുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധനയക്ക് വിധേയമാക്കും.

വിദഗ്ധ പാനലിന്‍റെ നിര്‍ദ്ദേശപ്രകാരം ആദ്യ ഘട്ടത്തിൽ നിപ കണ്ടെത്തിയ വടകര താലൂക്കിലെ കണ്ടൈന്‍മെന്‍റ് സോണിലെ കടകള്‍ തുറക്കുന്നത് വൈകീട്ട് അഞ്ച് മണി എന്നത് എട്ട് വരെയാക്കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം 22-ാം തീയതിക്ക് ശേഷം അന്നത്തെ സാഹചര്യം നോക്കി തീരുമാനിക്കും -പിണറായി പറഞ്ഞു.

ഇന്ന് നിപ അവലോകന യോഗം ചേര്‍ന്നിരുന്നു. രണ്ടാം തരംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പുര്‍ണ്ണമായും തള്ളിക്കളയാനാവില്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നിപ ഔട്ട്ബ്രേക്ക് നിരീക്ഷിക്കാന്‍ സി.ഡി.എം.എസ് പോര്‍ട്ടല്‍ ഇ-ഹെല്‍ത്ത് രൂപീകരിച്ചു. വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.

2018ല്‍ സംസ്ഥാനത്ത് നിപ രോഗബാധ സംബന്ധിച്ച പ്രോട്ടോകോള്‍ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറില്‍ ഇത് പരിഷ്കരിച്ചു. നിപ ചികില്‍സ, മരുന്നുകള്‍, ഐസൊലേഷന്‍, സാമ്പിള്‍ പരിശോധന തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് ഈ പ്രോട്ടോകോള്‍ പ്രകാരമാണ്. പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ 2023ല്‍ ചെറിയ ചില മാറ്റങ്ങളോടെ 2021ലെ പ്രോട്ടോകോളും ആരോഗ്യവിദഗ്ധ സമിതി പരിഷ്കരിച്ചിട്ടുണ്ട്.

2022ല്‍ ആരോഗ്യവകുപ്പ്, വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വര്‍ക്ക്ഷോപ്പില്‍ സുപ്രധാനങ്ങളായ പരിപാടികള്‍ ആവിഷ്കരിച്ചിരുന്നു. വിദഗ്ധര്‍ പങ്കെടുത്ത ഈ വര്‍ക്ക്ഷോപ്പിന്‍റെ അടിസ്ഥാനത്തില്‍ നിപ പ്രതിരോധത്തിനായി കലണ്ടര്‍ തയാറാക്കി കര്‍മ്മപരിപാടി നടപ്പാക്കുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe