കണ്ണൂർ∙ കലക്ടർ അരുൺ കെ. വിജയൻ അവധിയിലേക്ക്. അരുൺ അവധി അപേക്ഷ നൽകിയതായാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് അവധി അപേക്ഷ നൽകാൻ കാരണം. നവീന്റെ കുടുംബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കലക്ടറുടെ നീക്കം. അതിനിടെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്‌സില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസമായ ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നും വരുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കണ്ണൂർ കലക്ടറുടെ കുംബസാരം ഞങ്ങൾക്ക് കേൾക്കേണ്ടെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നിലപാട്. കലക്ടർ അരുൺ കെ. വിജയനെതിരെ നവീൻ ബാബുവിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയെന്നാണ് വിവരം.
ഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വെവ്വേറെയായതാണ് സംശത്തിനു കാരണം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന വാദത്തിനു ബലം നൽകുന്നു.