എക്സ്പ്രസ് 13 മണിക്കൂർ വൈകി; യാത്രക്കാരന് റെയിൽവേ 60,000 രൂപനഷ്ടപരിഹാരം നൽകണം

news image
Oct 27, 2023, 1:44 pm GMT+0000 payyolionline.in

കൊച്ചി: ചെന്നൈ-ആലപ്പി എക്സ്പ്രസ് 13 മണിക്കൂർ വൈകിയതുമൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. സേവനത്തിൽ വീഴ്ചവരുത്തിയ ദക്ഷിണ റെയിൽവേ 50,000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്നാണ്​ ഡി.ബി. ബിനു പ്രസിഡന്‍റും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റെ ഉത്തരവ്​.

ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജറായ കാർത്തിക് മോഹൻ ചെന്നൈയിൽ കമ്പനിയുടെ ഉന്നതതല യോഗത്തിൽ പങ്കെടുക്കാനാണ്​ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ, എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ട്രെയിൻ 13 മണിക്കൂർ വൈകും എന്ന അറിയിപ്പ് ലഭിക്കുന്നത്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ പരാതിക്കാരന് ചെന്നൈയി​ലെ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

നിരവധി യാത്രക്കാരെയും നീറ്റ് പരീക്ഷ എഴുതാൻ തയാറായി വന്ന വിദ്യാർഥികളെയും ട്രെയിനിന്റെ മുന്നറിയിപ്പില്ലാത്ത വൈകല്‍ ദുരിതത്തിലാക്കി. റെയിൽവേയുടെ നിരുത്തരവാദപരമായ നടപടി കാരണം സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായ സാഹചര്യത്തിലാണ് യാത്രക്കാരൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചത്. എന്നാൽ, യാത്രയുടെ ഉദ്ദേശ്യം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നത് എന്നുമുള്ള വിചിത്ര വാദമാണ്​ റെയിൽവേ ഉന്നയിച്ചത്.ഇത്​ പൂർണമായി തള്ളിയ കമീഷൻ, ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയിൽവേ യാർഡിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾമൂലമാണ് ട്രെയിൻ വൈകിയതെന്നും ഇക്കാര്യം അറിയാമായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും അധികൃതർ പരാജയപ്പെട്ടെന്നും കണ്ടെത്തി. ഒരു ന്യായീകരണവും ഇല്ലാതെ ട്രെയിൻ വൈകുന്നത് സേവനത്തിലെ ന്യൂനതയാണ്​. ഉന്നത നിലവാരമുള്ള സേവനം റെയിൽവേയുടെ ഔദാര്യമല്ല, യാത്രക്കാരന്റെ അവകാശമാണെന്നും കമീഷൻ ഓർമിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe