മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന ഇലോൺ മസ്‌കിന്റെ മൈക്രോ ബ്ലോഗിങ് സൈറ്റായ ‘എക്‌സി’ന് ഇന്തോനേഷ്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ അശ്ലീല, ചൂതാട്ട നിയമങ്ങൾ ലംഘിച്ചതിനാണ് എക്സിനെതിരെയുള്ള നടപടിയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ അശ്ലീലത, ചൂതാട്ടം പോലുള്ള കണ്ടന്റുകൾ നിർമിക്കുന്ന പ്ലാറ്റ്‌ഫോമുകൾ എക്‌സ് ഡോട്ട് കോം പോലുള്ള ഡൊമൈനുകൾ ഉപയോഗിച്ചിരുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് നിയമപ്രകാരം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരമാണ് ‘എക്‌സിന്’ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോമാറ്റിക്‌സ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എക്സിന് ഏകദേശം 24 ദശലക്ഷം ഉപയോക്താക്കൾ ഇന്തോനേഷ്യയിൽ മാത്രമുണ്ട്. എന്നാൽ, ട്വിറ്ററിൽ നിന്നുള്ള പേര് മാറ്റത്തിന് ശേഷം എക്സിനെതിരെ നടപടിയെടുക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്തോനേഷ്യ. നിരോധനവുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യൻ അധികൃതരുമായി എക്സ് അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. നിലവിൽ ഇന്തോനേഷ്യക്കാർക്ക് ട്വിറ്റർ ഉപയോഗിക്കാൻ സാധിക്കില്ല.